മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: അവകാശങ്ങൾ പുനസ്ഥാപിക്കുന്നത് വരെ സമരം തുടരുമെന്ന് സമരസമിതി

തങ്ങൾ താമസിക്കുന്ന ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പൂർണമായും പുനസ്ഥാപിക്കുക എന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം
മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: അവകാശങ്ങൾ പുനസ്ഥാപിക്കുന്നത് വരെ സമരം തുടരുമെന്ന് സമരസമിതി
Published on

വഖഫ് വിഷയത്തിൽ പ്രതിഷേധം ശക്തമാക്കി മുനമ്പം നിവാസികൾ. വഖഫ് ആക്ടിന്റെ പ്രതീകാത്മക രൂപം കടലിൽ താഴ്ത്തിയായിരുന്നു പ്രതിഷേധം നടത്തിയത്. റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കുന്നത് വരെ സമരം തുടരുമെന്ന് ഭൂസംരക്ഷണ സമിതി വ്യക്തമാക്കി. വേളാങ്കണ്ണി മാതാ പള്ളിയിൽ നിന്നും പ്രതിഷേധ റാലിയായിട്ടാണ് മുനമ്പം നിവാസികൾ കടൽക്കരയിലേക്ക് എത്തിയത്.

വഖഫ് നിയമത്തിലെ വിവിധ വകുപ്പുകൾ എഴുതിച്ചേർത്ത പ്രതീകാത്മക കോലം കടലിൽ കെട്ടിത്താഴ്ത്തിയാണ് മുനമ്പം നിവാസികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. തങ്ങൾ താമസിക്കുന്ന ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പൂർണമായും പുനസ്ഥാപിക്കുക എന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. രേഖകളുള്ള ഒരാളെ പോലും കുടിയൊഴിപ്പിക്കില്ലെന്നാണ് മുഖ്യമന്ത്രി സമരക്കാരുമായി നടത്തിയ യോഗത്തിൽ വ്യക്തമാക്കിയത്. താമസക്കാരുടെ എല്ലാ ആശങ്കകളും ജുഡീഷ്യൽ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിക്കാനുള്ള അവസരമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.

എന്നാൽ മുഖ്യമന്ത്രിയുമായുള്ള യോഗത്തിൽ പ്രതീക്ഷ ഉണ്ടെങ്കിലും ഭൂമി പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നതുവരെ വ്യത്യസ്തവും  സമാധാനപരവുമായ സമര രീതികളുമായി മുന്നോട്ടുപോകാനാണ് സമര സമിതിയുടെ തീരുമാനം. സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനെ സമരക്കാർ ആദ്യം എതിർത്തത് പെട്ടെന്നുണ്ടായ വികാരം മൂലമാണെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി പി.രാജീവ് പ്രതികരിച്ചിരുന്നു.

അതേസമയം സമര സമിതി നടത്തുന്ന റിലേ നിരാഹാര സമരം 43-ാം ദിവസത്തിലേക്ക് കടന്നു. സമരം തുടരുമെങ്കിലും ജുഡീഷ്യൽ കമ്മീഷനോട് സഹകരിക്കാനാണ് സമരസമിതിയുടെ തീരുമാനം. മുഖ്യമന്ത്രിയോട് നേരിട്ട് കാര്യങ്ങൾ ചർച്ച ചെയ്യാൻ അവസരം ഉണ്ടാകണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ കമ്മീഷനോട് മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിട്ടുള്ളത്. കമ്മീഷൻ്റെ  ശുപാർശ പരിശോധിച്ച ശേഷമാകും സർക്കാരിൻ്റെ തുടർ നടപടികൾ ഉണ്ടാവുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com