ഗ്വാട്ടിമാലയിൽ അഗ്നിപർവത സ്ഫോടനം; ആയിരത്തോളം പേരെ ഒഴിപ്പിച്ചു

ഗ്വാട്ടിമാലയിൽ അഗ്നിപർവത സ്ഫോടനം; ആയിരത്തോളം പേരെ ഒഴിപ്പിച്ചു

ഫ്യൂഗോ അഗ്നിപർവതം ലാവ, ചാരം, പാറകൾ എന്നിവ പുറത്തേക്ക് തുപ്പിയതിനെ തുടർന്ന് താമസക്കാർ താൽക്കാലിക അഭയ കേന്ദ്രങ്ങളിൽ സുരക്ഷ തേടിയിരിക്കുകയാണ്.
Published on


അമേരിക്കയിലെ ഏറ്റവും സജീവമായ അഗ്നിപർവതമായ ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്നിപർവതം വീണ്ടും സജീവമായി. മധ്യ അമേരിക്കയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ലാവയും ചാരവും പാറകളും പുറത്തേക്ക് തള്ളിയതിനെ തുടർന്ന് ഗ്വാട്ടിമാലൻ അധികൃതർ ആയിരത്തോളം ആളുകളെ ഒഴിപ്പിച്ചു. അപകട മേഖലയിലുള്ളത് 30,000 പേരാണ്.



ഫ്യൂഗോ അഗ്നിപർവതം ലാവ, ചാരം, പാറകൾ എന്നിവ പുറത്തേക്ക് തുപ്പിയതിനെ തുടർന്ന് താമസക്കാർ താൽക്കാലിക അഭയകേന്ദ്രങ്ങളിൽ സുരക്ഷ തേടി. ഗ്വാട്ടിമാല സിറ്റിയിൽ നിന്ന് 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഫ്യൂഗോ അഗ്നിപർവതം ഞായറാഴ്ച മുതൽ സജീവമായി കാണപ്പെട്ടിരുന്നു. 2018ലെ വൻ അഗ്നിപർവത സ്ഫോടനത്തിൻ്റെ ആഘാതം വിട്ടൊഴിയാത്ത പ്രദേശവാസികൾ ഉടൻ തന്നെ താൽക്കാലിക അഭയ കേന്ദ്രത്തിൽ സുരക്ഷ തേടിയിട്ടുണ്ട്. അന്ന് 215 പേരാണ് കൊല്ലപ്പെട്ടത്.

"ഞങ്ങൾ അലർച്ചകളും പിന്നീട് ശക്തമായ ഒരു സ്ഫോടന ശബ്ദവും കേട്ടു. അഗ്നിപർവതത്തിൻ്റെ പ്രവർത്തനം ഉടൻ ശാന്തമാകട്ടെയെന്നാണ് ഞങ്ങളുടെ പ്രാർഥന," ഭാര്യയോടും മൂന്ന് പെൺമക്കളോടും ഒപ്പം വീട്ടിൽ നിന്ന് ഇറങ്ങിയ 46കാരനായ മാനുവൽ കോബോക്സ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.



എൽ പോർവെനീർ കമ്മ്യൂണിറ്റിയിൽ നിന്നുള്ള 125 കുടുംബങ്ങളെ (ഏകദേശം 900 പേരെ) സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഗ്വാട്ടിമാലയിലെ ദുരന്ത ഏകോപന ഏജൻസി കോൺറെഡിന്റെ വക്താവ് ജുവാൻ ലോറിയാനോ പറഞ്ഞു.

News Malayalam 24x7
newsmalayalam.com