
പരീക്ഷയ്‌ക്കിടെ സാനിറ്ററി പാഡ് ആവശ്യപ്പെട്ടതിന് വിദ്യാർഥിനിയെ ക്ലാസിൽ നിന്ന് പുറത്താക്കി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഗേൾസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. ഈ കാരണം പറഞ്ഞ് കുട്ടിയെ ക്ലാസിന് പുറത്തു നിർത്തിയത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
ആർത്തവം ആയതിനാൽ വിദ്യാർഥിനി പ്രിൻസിപ്പലിൻ്റെ സഹായം തേടുകയും, പാഡ് വേണമെന്ന് ആവശ്യപ്പെുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദ്യാർഥിനിക്കെതിരെ വിചിത്ര നടപടി. സഹായിക്കുന്നതിന് പകരം, വിദ്യാർഥിയെ അവഗണിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി പെൺകുട്ടി പറഞ്ഞു.
വിദ്യാർഥിനിയോട് സ്കൂൾ പ്രിൻസിപ്പൽ കാണിച്ച നടപടിക്കെതിരെ വിദ്യാർഥിയുടെ പിതാവ് ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ സ്കൂൾ ഇൻസ്‌പെക്ടർ (ഡിഐഒഎസ്), സംസ്ഥാന വനിതാ കമ്മീഷൻ, വനിതാ ക്ഷേമ വകുപ്പ് എന്നിവർക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. വിഷയം അന്വേഷിച്ചു വരികയാണെന്നും, കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും ജില്ലാ സ്കൂൾ ഇൻസ്പെക്ടർ ദേവകി നന്ദൻ അറിയിച്ചു.