തൃപ്പൂണിത്തുറയിൽ വിദ്യാർഥി മരിച്ച സംഭവം: കുടുംബം പരാതി ഉന്നയിച്ചിട്ടില്ല, അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് ഗ്ലോബൽ പബ്ലിക്ക് സ്കൂൾ

"സംഭവ ദിവസം മിഹിർ ബാസ്കറ്റ് ബോൾ ക്യാമ്പിൽ പങ്കെടുത്തിരുന്നു. തനിക്ക് ഇത്തരത്തിൽ റാഗിംഗ് നേരിട്ടിരുന്നു എന്ന് അധ്യാപകരോട് പോലും മിഹിർ പറഞ്ഞിട്ടില്ല"
തൃപ്പൂണിത്തുറയിൽ വിദ്യാർഥി മരിച്ച സംഭവം: കുടുംബം പരാതി ഉന്നയിച്ചിട്ടില്ല, അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് ഗ്ലോബൽ പബ്ലിക്ക് സ്കൂൾ
Published on

എറണാകുളം തൃപ്പൂണിത്തുറയിൽ റാഗിങ്ങിനെ തുടർന്ന് ഫ്ലാറ്റിൽ നിന്നും ചാടി വിദ്യാർഥി മരിച്ച സംഭവത്തിൽ റാഗിംഗ് പരാതി ഇതുവരെ കുടുംബം ഉന്നയിച്ചിട്ടില്ലെന്ന് ഗ്ലോബൽ പബ്ലിക്ക് സ്കൂൾ. സമൂഹ മാധ്യമത്തിൽ സ്കൂളിനെതിരെ വ്യാജപ്രചരണം നടക്കുന്നു. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും സ്കൂൾ അറിയിച്ചു.

"പൊലീസ് എത്തി സിസിടിവി ദൃശ്യങ്ങൾ അടക്കം കൊണ്ടുപോയിട്ടുണ്ട്. സ്കൂളിന് ഒന്നും മറച്ചുവെക്കാൻ ഇല്ല. സംഭവ ദിവസം മിഹിർ ബാസ്കറ്റ് ബോൾ ക്യാമ്പിൽ പങ്കെടുത്തിരുന്നു. തനിക്ക് ഇത്തരത്തിൽ റാഗിംഗ് നേരിട്ടിരുന്നു എന്ന് അധ്യാപകരോട് പോലും മിഹിർ പറഞ്ഞിട്ടില്ല," ഗ്ലോബൽ പബ്ലിക്ക് സ്കൂൾ അധികൃതർ അറിയിച്ചു.

അതേസമയം, മിഹിർ ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തി. സ്കൂളിലെ ഒരു പ്രത്യേക ഗ്യാങ് വിദ്യാർത്ഥികളാൽ അതിക്രൂരമായി മിഹിർ റാഗ് ചെയ്യപ്പെട്ടിരുന്നു. സ്‌കൂളിൽ വെച്ചും, സ്കൂൾ ബസിൽ വെച്ചും മകൻ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. മിഹിറിന്റെ മരണവും ആ വിദ്യാർഥികൾ ആഘോഷിച്ചുവെന്നും കുടുംബത്തിൻ്റെ പരാതിയിൽ പറയുന്നു. സ്കൂൾ അധികൃതർ ഇടപെട്ടില്ലെന്നും കുടുംബം പറയുന്നു. കുടുംബത്തിന് വേണ്ട ഒരു സഹായവും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും കുടുംബം കൂട്ടിച്ചേർത്തു.

സംഭവത്തിൽ പൊലീസ് ആരോപണ വിധേയരായ കുട്ടികളുടെ മൊഴിയെടുത്തിരുന്നു. റാഗിങ്ങ് നടന്നു എന്ന കുടുംബത്തിൻ്റെ പരാതിയിലാണ് മൊഴി എടുത്തത്. സംഭവത്തിൽ മിഹിറിന്റെ സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തി. തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസാണ് മൊഴിയെടുത്തത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എഫ്.ഐ.ആറിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

ജനുവരി 15നാണ് 26 നിലകളുള്ള ചോയ്സ് പാരഡൈസിന്റെ മുകളിൽ നിന്ന് ചാടി 15 വയസുകാരന്‍ മിഹിർ അഹമ്മദ് മരിച്ചത്. സലീം റജീന ദമ്പതികളുടെ മകനാണ് മി​ഹിർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com