
മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം. സപ്ലിമെൻ്ററി അലോട്ട്മെൻറും കഴിഞ്ഞതോടെ സർക്കാർ പ്രഖ്യാപിക്കുന്ന അധിക ബാച്ചുകളിലാണ് ഇനി വിദ്യാർഥികളുടെ പ്രതീക്ഷ. ജില്ലയിൽ ഒന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് 16881 പേരാണ് അപേക്ഷ നൽകിയത്. ഇതിൽ 6999 വിദ്യാർഥികൾക്കാണ് വിവിധ വിദ്യാലയങ്ങളിലായി അലോട്ട്മെൻ്റ് ലഭിച്ചത്. എന്നാൽ 9882 വിദ്യാർഥികൾക്ക് ഇനിയും സീറ്റ് ലഭിക്കേണ്ടതായുണ്ട്.
ജില്ലയിലെ സീറ്റുകളുടെ കുറവ് പരിഹരിക്കുന്നതിന്‍റെ ഭാഗമായി രണ്ടംഗസമിതി ജില്ലയിലെ സർക്കാർ ഹയർ സെക്കഡറി സ്കൂളുകൾ സന്ദർശിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. റിപ്പോർട്ട് നാളത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യപ്പെടുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ പുതിയ ബാച്ചുകൾക്കുള്ള ശുപാർശ അടക്കം രണ്ടംഗ സമിതി റിപ്പോർട്ട് നൽകിയെന്നാണ് വിവരം. ഇത് സർക്കാർ അംഗീകരിക്കുകയാണെങ്കില്‍ എത്ര ബാച്ചുകൾ ലഭിക്കുമെന്നാണ് ജില്ലയിലെ അധ്യാപകരും വിദ്യാര്‍ഥികളും ഉറ്റ് നോക്കുന്നത്.
അതേസമയം, വിദ്യാഭ്യാസ മന്ത്രിയുടെ കണക്ക് പ്രകാരം ജില്ലയിൽ ഏഴായിരത്തോളം സീറ്റുകളുടെ കുറവാണ് നിലവിലുള്ളത്. എന്നാൽ ജില്ലയിൽ മുഖ്യ അലോട്ട്മെൻ്റിൽ ഇഷ്ട കോഴ്സും സ്കൂളും ലഭിക്കാത്തതിനാൽ അലോട്ട്മെൻറ് ലഭിച്ച 7056 കുട്ടികൾ പ്രവേശം നേടിയിട്ടില്ല. സപ്ലിമെൻ്ററി അലോട്ട്മെന്റിലും ഈ വിദ്യാർഥികളെ പരിഗണിച്ചിരുന്നില്ല. ഇവരെയും പരിഗണിക്കുകയാണെങ്കില്‍ ജില്ലയിൽ പതിനായിരത്തിനു മുകളിൽ കുട്ടികൾ ഇപ്പോഴും പുറത്താണ്. നിലവിൽ ഇഷ്ട കോഴ്സും സ്കൂളും ലഭിക്കാതെ പ്രവേശനം നേടിയ വിദ്യാർഥികൾ ട്രാൻസ്ഫറിനായി കാത്തിരിക്കുകയുമാണ്.