
ആയിരത്തോളം വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കി, കേരളത്തിൽ പ്രവർത്തിക്കുന്നത് അംഗീകാരമില്ലാതെ 24 നഴ്‌സിങ് കോളേജുകളാണ്. ഈ കോളേജുകളിലെ ഒന്നാം സെമസ്റ്റർ പരീക്ഷാഫലം സർവകലാശാല തടഞ്ഞത് വിദ്യാർഥികളെ ആശങ്കയിലായിരിക്കുകയാണ്.
സംസ്ഥാനത്തെ 24 സർക്കാർ - സ്വകാര്യ സ്വാശ്രയ കോളജുകളിലെ ഒന്നാം സെമസ്റ്റർ ബി എസ് സി നഴ്‌സിങ് വിദ്യാർഥികളുടെ പരീക്ഷാ ഫലമാണ് ആരോഗ്യ സർവകലാശാല തടഞ്ഞത്. 1369 വിദ്യാർഥികളുടെ ഭാവി ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഏപ്രിലിൽ പരീക്ഷാഫലം നിർണയിച്ച ശേഷം, ജൂലെെയിൽ പ്രസിദ്ധീകരിച്ചപ്പോൾ മാർക്ക് ലിസ്റ്റിന് പകരം ''നിങ്ങളുടെ ഫലം തടഞ്ഞുവെച്ചിരിക്കുന്നു'' എന്നൊരു സന്ദേശം മാത്രമാണ് ലഭിച്ചതെന്നും അവർ പറഞ്ഞു.
2023 - 2024 അധ്യയന വർഷത്തിൽ ആരംഭിച്ച പുതിയ നഴ്‌സിങ് കോളേജുകളിലെയും സീറ്റ് വർധന ഉണ്ടായ കോളേജുകളിലെയും ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. കോളേജുകൾ ആരംഭിക്കുന്ന സമയത്ത് ഇന്ത്യൻ നഴ്‌സിങ് കൗൺസിലിൽ അംഗീകാരം വേണമെന്ന നിബന്ധന പാലിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പുതിയ കോളേജുകൾ ആരംഭിക്കണമെങ്കിൽ കേരള നഴ്‌സിങ് കൗൺസിൽ, ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ എന്നിവയുടെ അംഗീകാരം നേടിയ ശേഷം മാത്രം സർവകലാശാല അംഗീകാരം നൽകിയാൽ മതി എന്നാണ് വ്യവസ്ഥ. അതേസമയം, ഐഎൻസി അംഗീകാരം ഇല്ലാത്തതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർഥികൾക്ക് ഇ - ഗ്രാൻ്റ് ആനുകൂല്യം, വിദ്യാഭ്യാസ വായ്പ എന്നിവ ലഭിക്കാതിരിക്കുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്.