
ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിങ് സെൻ്ററിലെ ബേസ്‌മെൻ്റില്‍ വെള്ളം കയറി മലയാളി വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ വിദ്യാർഥി പ്രതിഷേധം തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ സ്ഥാപന ഉടമയെയും നടത്തിപ്പുകാരനെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ കരോൾബാഗിൽ കെട്ടിട നിർമാണ നിയമങ്ങൾ ലംഘിച്ച് നിർമിച്ച ഏഴ് കെട്ടിടങ്ങളും, മൂന്നു ബേസ്‌മെൻ്റുകളും ഡൽഹി മുനിസിപ്പൽ കോർപറേഷൻ സീൽ ചെയ്തു.
എറണാകുളം സ്വദേശി നെവിന്‍ ഡാല്‍വിന്‍ അടക്കം മൂന്ന് പേരാണ് ദുരന്തത്തിൽ മരിച്ചത്. വിദ്യാർഥി നെവിൻ ഡാൽവിൻ്റെ മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് കൊണ്ടുവരും. പിതാവ് ഡാൽവിൻ്റെ തിരുമല തച്ചോട്ടുകാവ് താന്നിവിള വീട്ടിലാണ് പൊതുദർശനം.
സംഭവത്തിൽ അറസ്റ്റിലായ ഐഎഎസ് കോച്ചിങ് സെൻ്റർ ഉടമ അഭിഷേക് ഗുപ്ത, നടത്തിപ്പുകാരൻ ദേശ്പാല്‍ സിങ് എന്നിവർ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഡൽഹി ഓൾഡ് രാജേന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന ഐഎഎസ് പരിശീലന കേന്ദ്രത്തിൽ ഇന്നലെയാണ് അപകടം ഉണ്ടായത്.
ശക്തമായ മഴയിൽ റോഡിലൂടെ ഒലിച്ചെത്തിയ വെള്ളം കെട്ടിടത്തിൻ്റെ ബേസ്മെൻ്റിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഈ സമയം 30ഓളം വിദ്യാർഥികൾ ലൈബ്രറിക്കുള്ളിൽ ഉണ്ടായിരുന്നു. ദുരന്തത്തെ തുടർന്നുണ്ടായ വിദ്യാർഥികളുടെ വൻ പ്രതിഷേധത്തിന് പിന്നാലെയാണ് കെട്ടിട നിർമാണ നിയമങ്ങൾ ലംഘിക്കുന്ന വസ്തു വകകൾക്കെതിരെ കോർപറേഷൻ നടപടി എടുത്തത്.
ഐഎഎസ് കോച്ചിങ് സെൻ്റിൻ്റെ ബേസ്‌മെൻ്റിലെ വെള്ളപ്പൊക്കത്തിൻ്റെ കാരണം മുനിസിപ്പൽ കോർപറേഷൻ സമഗ്രമായി അന്വേഷിക്കുകയാണ്. ഇവിടെ കെട്ടിട നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. വരും ദിവസങ്ങളിൽ തുടർനടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തിൽ സർക്കാർ ഉത്തരവുണ്ടെന്നും അഡിഷണൽ കമ്മീഷണർ താരിഖ് തോമസ് പറഞ്ഞു.
ലൈബ്രറിയുടേത് ബയോമെട്രിക് വാതിലുകൾ ആയിരുന്നതിനാൽ ഇത് തുറക്കാൻ ആദ്യ ഘട്ടത്തിൽ സാധിച്ചില്ല. പിന്നീട് അഗ്നിശമന സേനയെത്തി വെള്ളം വറ്റിച്ചാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. ജെഎൻയുവിൽ ഗവേഷക വിദ്യാർഥിയായിരുന്ന നെവിൻ അടുത്തിടെയാണ് സ്ഥാപനത്തിൽ ചേർന്നത്.