പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രിയുടെ വാഹനം തകര്‍ത്ത് വിദ്യാര്‍ഥികൾ; ആശുപത്രിയിൽ വെച്ച് ബ്രത്യ ബസുവിന് നെഞ്ചുവേദന
പശ്ചിമ ബംഗാളിലെ ജാദവ്പൂർ സർവകലാശാലയിൽ ഇടത് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ വിദ്യാഭ്യാസ മന്ത്രിയുടെ വാഹനം തകര്‍ത്തതായി പരാതി. വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസുവിനെ എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള ഇടത് വിദ്യാര്‍ഥി സംഘടനകൾ ഘെരാവോ ചെയ്തിരുന്നു. യൂണിയന്‍ തിരഞ്ഞെടുപ്പ് തീയതികള്‍ എത്രയും വേഗം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഈ പ്രതിഷേധം.
പശ്ചിമ ബംഗാള്‍ കോളേജ് ആന്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസേഴ്‌സ് അസോസിയേഷന്റെ (ഡബ്ല്യുബിസിയുപിഎ) വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മന്ത്രി ക്യാമ്പസില്‍ എത്തിയിരുന്നത്. ബ്രത്യ ബസു ക്യാമ്പസിൽ നിന്ന് മടങ്ങുന്നതിനിടെ പ്രതിഷേധക്കാരായ വിദ്യാർഥികളോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടയിൽ പ്രതിഷേധക്കാരുടെ നിയന്ത്രണം വിടുകയും മന്ത്രിയുടെ കാർ ആക്രമിക്കുകയുമായിരുന്നു. വിദ്യാർഥികൾ തന്റെ കാറിന്റെ വിൻഡ് സ്‌ക്രീൻ കേടുവരുത്തുകയും വാഹനത്തിന്റെ റിയർവ്യൂ മിറർ തകർക്കുകയും ചെരിപ്പ് പൊക്കി കാണിക്കുകയും ചെയ്തതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംഭവത്തിൻ്റെ വീഡിയോ പങ്കുവെച്ച് കൊണ്ട് മമതാ ബാനർജിയുടെ സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തി. 2026ലും ഭരണത്തിലേറാമെന്ന തൃണമൂൽ കോൺഗ്രസിൻ്റേയും മമതയുടേയും സ്വപ്നം വളരെ അകലെയാണെന്ന് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു.
"കാമ്പസിലെ ഒരു വിദ്യാർഥിയുടെ മേൽ ബസുവിന്റെ വാഹനവ്യൂഹം ഇടിച്ചു കയറാൻ തുടങ്ങി. ഇത് പ്രതിഷേധക്കാരെ കൂടുതൽ പ്രകോപിപ്പിച്ചു. ആർജി കർ ബലാത്സംഗ, കൊലപാതക കേസ് മമത ബാനർജി കൈകാര്യം ചെയ്തതിൽ പ്രതിഷേധിച്ച് വിദ്യാർഥി സമൂഹത്തിനിടയിൽ വലിയ രോഷമുണ്ട്. ഈ അവസ്ഥയിൽ തൃണമൂൽ കോൺഗ്രസിൻ്റെ 2026 സ്വപ്നം വളരെ അകലെയായിരിക്കും," അമിത് മാളവ്യ എക്സിൽ കുറിച്ചു.
സംഘർഷത്തിൽ മന്ത്രിക്ക് പരിക്കേറ്റിട്ടുണ്ട്. തകർന്ന ഗ്ലാസ് കഷ്ണങ്ങൾ തട്ടിയാണ് ഇടതുകൈയ്ക്ക് മുറിവേറ്റതെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. മന്ത്രിയെ പിന്നീട് സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. നെഞ്ചുവേദന അനുഭവപ്പെട്ടതിനാൽ പരിശോധനയ്ക്ക് വിധേയനായെന്നും ഗുരുതരമായ പരിക്കുകൾ ഒന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചെന്നും ആശുപത്രി വിടുമ്പോൾ ബ്രത്യ ബസു മാധ്യമങ്ങളോട് പറഞ്ഞു.

