ആമസോൺ കാടുകളിൽ വനനശീകരണം നടക്കുന്നതായി പഠനം; കാലാവസ്ഥ വ്യതിയാനത്തിന് കാരണമായേക്കുമെന്ന് നിഗമനം

ആമസോൺ കാടുകളുടെ 12.5 ശതമാനമാണ് 1985 മുതൽ 2023 വരെയുള്ള കാലയളവിൽ നഷ്ടമായതെന്ന് ആമസോൺ കാടുകളെ പറ്റി പഠനം നടത്തുന്ന ആർഎഐഎസ്ജിയിലെ ഗവേഷകർ പറയുന്നു
ആമസോൺ കാടുകളിൽ വനനശീകരണം നടക്കുന്നതായി പഠനം; കാലാവസ്ഥ വ്യതിയാനത്തിന് കാരണമായേക്കുമെന്ന് നിഗമനം
Published on

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ, ആമസോൺ കാടുകളിൽ വലിയ തോതിൽ വനനശീകരണം നടക്കുന്നതായി പഠനം. വനനശീകരണം സംഭവിച്ചതിലൂടെ ജർമനിയുടെയും ഫ്രാൻസിൻ്റെയും മുഴുവൻ വിസ്തീർണത്തിൻ്റെ അത്രയും ഭാഗം ആമസോൺ കാടിന് നഷ്ടപ്പെട്ടതായാണ് പഠനം പറയുന്നത്. ആമസോൺ കാടുകളെ പറ്റി പഠനം നടത്തുന്ന ആർഎഐഎസ്ജി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 

കാർഷിക ആവശ്യങ്ങൾക്കും ഖനനത്തിനും കൂടുതലായി വനനശീകരണം നടക്കുന്ന ആമസോൺ കാടുകളുടെ 12.5 ശതമാനമാണ് 1985 മുതൽ 2023 വരെയുള്ള കാലയളവിൽ നഷ്ടമായതെന്ന് ആർഎഐഎസ്ജിയിലെ ഗവേഷകർ പറയുന്നു. ബ്രസീൽ, ബൊളീവിയ, പെറു, ഇക്വാഡോർ, കൊളംബിയ, വെനസ്വേല, ഗുയാന, സുറിനേം, ഫ്രഞ്ച് ഗുയാന എന്നീ രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്ന 88 മില്യൺ ഹെക്ടറോളം കാടുകളാണ് ഈ 12.5 ശതമാനം. കാടുകൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിൻ്റെ വലിയൊരു ഭാഗം ഇന്ന് കാർഷിക ഇടങ്ങളും, ഖനനാവശ്യങ്ങൾക്കുള്ള ഇടങ്ങളുമായി മാറിയെന്നും പഠനം പറയുന്നു.

ഒൻപത് രാജ്യങ്ങളിലായി സ്ഥിതി ചെയ്യുന്ന തെക്കേ അമേരിക്കൻ കാടുകളായ ആമസോൺ വലിയ അളവിൽ കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കുന്നതിലൂടെ, കാലാവസ്ഥ വ്യതിയാനത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്. വലിയ തോതിൽ വനനശീകരണം നടക്കുന്നതിലൂടെ കാലാവസ്ഥ വ്യതിയാനത്തിലും, മുഴുവൻ ആവാസവ്യവസ്ഥയിലും ഇത് ബാധിച്ചേക്കുമെന്നുമാണ് ആർഎഐഎസ്ജിയിലെ ഗവേഷകരുടെ നിഗമനം. കാടുകൾ നഷ്ടപ്പെടുന്നതിലൂടെ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുകയും, അത് താപനിലയെ വർധിപ്പിക്കുകയും ചെയ്യുമെന്ന് പഠനത്തിൽ പങ്കെടുത്ത ഗവേഷകയായ സാന്ദ്ര റിയോ കാക്കറസ് എഎഫ്പിയോട് പറഞ്ഞു. അപ്രതീക്ഷിതമായ അതിവര്‍ഷവും, അതിശക്തമായ വരൾച്ചയും, ഉഷ്ണതരംഗവും, ചുഴലിക്കാറ്റുകളും ഇതിൻ്റെ ഭാഗമായി സംഭവിച്ചേക്കാമെന്നും പഠനം വിലയിരുത്തുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ നദിയായ ആമസോണ്‍ നദി വറ്റുകയാണെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ജലത്തിലെ കടുത്ത താപനിലയെ തുടര്‍ന്ന് ടെഫെ തടാകത്തിൽ വംശനാശഭീഷണി നേരിടുന്ന 200ലധികം ശുദ്ധജല ഡോൾഫിനുകൾ ചത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

READ MORE: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: കമലാ ഹാരിസിനെ പിന്തള്ളി ട്രംപ് മുന്നേറുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com