
രാജ്യാന്തര വിദ്യാർഥികൾക്കുള്ള വിസ ഫീസിൽ ഇരട്ടിയിലധികം വർധന വരുത്തി ഓസ്‌ട്രേലിയ. 59,000 രൂപക്ക്(710 ഡോളർ) ലഭിച്ചിരുന്ന വിസ ഇനിമുതൽ 1,33,000 രൂപക്കാണ് (1500 ഡോളർ) ലഭിക്കുക. ഓസ്ട്രേലിയയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഇത് തിരിച്ചടിയാവും.
കുടിയേറ്റം നിയന്ത്രിക്കുകയെന്നതാണ് ഓസ്‌ട്രേലിയയുടെ നിരക്ക് വർധനക്ക് പിന്നിലെ ലക്ഷ്യം. 2023 സെപ്‌റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ കുടിയേറ്റം 60 ശതമാനമാണ് ഉയർന്നത്. കൊവിഡിനെ തുടർന്നുളള നിയന്ത്രണങ്ങൾ നീക്കം ചെയ്തതോടെ വാർഷിക കുടിയേറ്റത്തിൽ ഗണ്യമായ വർധനവുണ്ടായി. തുടർന്ന് വിസ പുതുക്കലടക്കമുള്ള കാര്യങ്ങളിൽ രാജ്യം നിയന്ത്രണം കർശനമാക്കിയിരുന്നു.
ഈ നീക്കത്തിന്‍റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ വിസ നിരക്കുയർത്തിയത്.വിദ്യാർഥികൾക്കുള്ള രാജ്യാന്തര വിസ 1,600 ഡോളറായാണ് ഉയർത്തിയത്. കൂടാതെ, സന്ദർശക വിസയുള്ളവർക്കും താൽക്കാലിക ബിരുദ വിസയുള്ള വിദ്യാർഥികൾക്കും ഓൺഷോർ സ്റ്റുഡൻ്റ്സ് വിസ അപേക്ഷിക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയെ ഫീസുയർത്തിയത് പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, രാജ്യത്തെ വിദ്യാഭ്യാസത്തിൻ്റെ വർധിച്ചുവരുന്ന മൂല്യത്തെയാണ് നിരക്ക് വർധന പ്രതിഫലിപ്പിക്കുന്നതെന്നാണ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക വിശദീകരണം.