
തിരുവനന്തപുരം കളക്ടറേറ്റില്‍ ബോംബ് ഭീഷണിയെത്തുടർന്ന് പുറത്തിറങ്ങിയ ജീവനക്കാർക്കും മാധ്യമപ്രവർത്തകർക്കും നേരെ തേനീച്ച ആക്രമണം. സബ് കലക്ടർ ഉൾപ്പെടെ പരിക്കേറ്റ 79 പേരെ പേരൂർക്കട ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമാണ്.
പത്തനംതിട്ട കളക്ട്രേറ്റിലെ ബോംബ് ഭീഷണിക്ക് സമാനമായ സന്ദേശം ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് തിരുവനന്തപുരം കളക്ടർക്ക് ലഭിച്ചത്. ഉടൻ സ്ഥലത്തെത്തിയ പൊലീസും ബോംബ് സ്ക്വാഡും പരിശോധന ആരംഭിച്ചു. മുഴുവൻ ജീവനക്കാരെയും കെട്ടിടത്തിന് പുറത്തേയ്ക്ക് മാറ്റിയായിരുന്നു പരിശോധന. ഇതിനിടെയാണ് കളക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകി വീണത്. തേനീച്ച ആക്രമണം തുടങ്ങിയതോടെ ആളുകൾ തലങ്ങും വിലങ്ങും ഓടി. കയ്യിൽ കിട്ടിയതെല്ലാമെടുത്ത് പ്രതിരോധിച്ചു. കാറിലും ബസിലും കയറിയാണ് ഭൂരിഭാഗം പേരും രക്ഷപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനിടെ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ പരിക്കേറ്റു. സബ് കളക്ടർക്കും പൊലീസുകാർക്കും കളക്ടറേറ്റ് ജീവനക്കാർക്കും പുറമേ മാധ്യമ പ്രവർത്തകർക്കും ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രി, പേരൂർക്കട ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി.
പരിശോധനയ്ക്കിടെ തേനീച്ചക്കൂട് ഇളകി വീണാതാകാമെന്നാണ് നിഗമനം. തേനീച്ച കൂടുകൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ എടുക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേസമയം, ബോംബ് സ്ക്വാഡിൻ്റെ പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.ബോംബ് ഭീഷണി വ്യാജമാണെന്നാണ് നിഗമനം. ഇ മെയിൽ സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.