
കേരളത്തിൽ എപ്പോഴാണ് വനിതാ മുഖ്യമന്ത്രിയുണ്ടാകുക എന്ന ചോദ്യത്തിന് പ്രതികരണവുമായി സുഭാഷിണി അലി. കേരളത്തിന് വനിതാ മുഖ്യമന്ത്രി യാഥാർഥ്യമാകാൻ സമയമെടുക്കുമെന്നാണ് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞത്. സാധാരണക്കാരായ സ്ത്രീകളുടെ പോരാട്ടം ഭാവിയിൽ ഒരു വനിതയെ സംസ്ഥാനത്തിൻ്റെ സുപ്രധാന പദവിയിലേക്ക് എത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പിണറായി വിജയൻ സ്ത്രീ പക്ഷ നിലപാടുള്ള രാജ്യത്തെ മുഖ്യമന്ത്രിയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു.
അതേസമയം നയത്തിൽ ഒരു വ്യതിയാനവുമില്ലെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. സ്വകാര്യ മൂലധനം വരണമെന്നത് മുൻപേയുള്ള നയമാണ്. നാട്ടിൽ നിക്ഷേപം വരണമെന്നും കെ. എൻ ബാലഗോപാൽ വ്യക്തമാക്കി. ആശാ വർക്കർമാരുടെ സമരം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ എടുത്തതാണ്. തുക വർധിപ്പിക്കണമെന്ന അവരുടെ ആവശ്യം ന്യായമായതാാണ്. പക്ഷെ ഇതൊന്നും ഇവിടുത്തെ പിടിപ്പു കേട് കൊണ്ടല്ല. കേന്ദ്രം കുടിശിക വരുത്തുന്നതാണ് പ്രശ്നമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
വ്യവസായമന്ത്രി പി. രാജീവിനും സമ്മേളന ചർച്ചയിൽ വിമർശനമുയർന്നു. വ്യവസായ നിക്ഷേപത്തിൽ മാത്രം ശ്രദ്ധിച്ച് പൊതുമേഖലയെ തഴയുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ നടപടിയില്ലെന്നും, പൊതുമേഖലയിലെ പ്രശ്നം പറയുമ്പോൾ മന്ത്രി പെരുമാറുന്നത് മുതലാളിയെ പോലെയെന്നും ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധി വിമർശനം ഉന്നയിച്ചു. അടിസ്ഥാന മേഖലയിൽ നിന്ന് വളർന്ന നേതാവിന് ചേർന്ന നടപടിയല്ല പി.രാജീവിൻ്റെതെന്നും വിമർശനം.
കൂടാതെ സമ്മേളനത്തിലെ ചർച്ചയിൽ തനിക്കെതിരെ വിമർശമുയർന്നുവെന്ന വാർത്ത നിഷേധിച്ച് കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. തനിക്കെതിരെ ഒരു വിമർശനവും ഉണ്ടായിട്ടില്ലെന്നായിരുന്നു ഗോവിന്ദൻ്റെ പ്രതികരണം.സമ്മേളനത്തിൽ ഇന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖയിൽ ചർച്ച നടക്കും. നവകേരളത്തിൻ്റെ പുതുവഴി സമ്മേളനം ചർച്ച ചെയ്യും. വിമർശനങ്ങൾക്ക് എം. വി ഗോവിന്ദൻ മറുപടി പറയും. വികസന രേഖയിലെ ചർച്ചയിൽ മുഖ്യമന്ത്രി നാളെ മറുപടി പറയും.