
തൻ്റെ ശാരീരിക പരിമിതികളെ വകവെക്കാതെ സ്വന്തം കഴിവുകളാൽ താരമാവുകയാണ് പത്തനംതിട്ട ഏനാത്ത് സ്വദേശിനി നന്ദന. വിനേഷ് - റീജ ദമ്പതികളുടെ മകളാണ് വിഎച്ച്എസ്ഇ അഗ്രികൾച്ചറൽ വിദ്യാർഥിനിയായ നന്ദന. വെല്ലുവിളികളെ അതിജീവിക്കാൻ പ്രചോദനം പകരുന്ന നന്ദന എന്ന നന്ദൂട്ടിയുടെ വിശേഷങ്ങളിലേക്ക്..
നന്ദനയുടെ പാട്ടിന് ലോകമെമ്പാടും വലിയ ആരാധകരാണ്. പാട്ടിന് പുറമേ മിമിക്രിയും നന്ദനയ്ക്ക് വശമുണ്ട്. അങ്ങനെ പാട്ടു പാടിയും, മിമിക്രി കാണിച്ചും നന്ദനക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചു. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവങ്ങളിൽ നന്ദന താരമായി. സോഷ്യൽ മീഡിയയിലൂടെയാണ് നന്ദനയെ ലോകമെമ്പാടുമുള്ള ആളുകൾ അറിഞ്ഞത്. എല്ലാ തടസങ്ങളെയും അതിജീവിച്ച് നേടിയ വിജയം. പാട്ടും മിമിക്രിയും ചെറുപ്രായം മുതലേ നന്ദന ഒറ്റക്കാണ് പഠിച്ചത്.
വിഎച്ച്എസ്ഇ അഗ്രികൾച്ചറൽ വിദ്യാർഥിനിയാണ് നന്ദന. മ്യൂസിക് അധ്യാപിക ആകണമെന്നാണ് ആഗ്രഹം. അച്ഛൻ വിനേഷും, അമ്മ റീജയും നന്ദനയുടെ ആഗ്രഹങ്ങൾക്ക് ഒപ്പം ഉണ്ട്. മകളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ഇപ്പോൾ പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. ശാരീരിക പരിമിതികളാൽ ഒതുങ്ങിക്കൂടാൻ അല്ല, ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി പറന്നുയരാനാണ് നന്ദനയുടെ തീരുമാനം.