തമിഴ്‌നാട്ടില്‍ കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം തള്ളിയ കമ്പനി കരിമ്പട്ടികയില്‍; നടപടി എടുത്തത് ശുചിത്വ മിഷന്‍

കമ്പനിയെ മൂന്ന് വര്‍ഷത്തേക്കാണ് കരിമ്പട്ടികയില്‍പ്പെടുത്തിയത്.
തമിഴ്‌നാട്ടില്‍ കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം തള്ളിയ കമ്പനി കരിമ്പട്ടികയില്‍; നടപടി എടുത്തത് ശുചിത്വ മിഷന്‍
Published on
Updated on

കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ തള്ളിയ കമ്പനി കരിമ്പട്ടികയില്‍. ശുചിത്വ മിഷനാണ് സണ്‍ ഏജ് കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയത്. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ശുചിത്വ മിഷന്റെ നടപടി. കമ്പനിയെ മൂന്ന് വര്‍ഷത്തേക്കാണ് കരിമ്പട്ടികയില്‍പ്പെടുത്തിയത്.

ബയോമെഡിക്കല്‍ മാലിന്യങ്ങളാണ് കമ്പനി തമിഴ്‌നാട്ടില്‍ തള്ളിയത്. സംഭവത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഇടപെടുകയും മാലിന്യങ്ങള്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ തള്ളിയ കേരളത്തിലെ ആശുപത്രി മാലിന്യങ്ങള്‍ തിരിച്ചെടുപ്പിക്കുകയായിരുന്നു. കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും തൊഴിലാളികളുമടക്കം 70 അംഗ സംഘമാണ് തിരുനെല്‍വേലിയില്‍ എത്തി മാലിന്യങ്ങള്‍ തിരിച്ചെടുത്തത്.

കൊടകനല്ലൂര്‍, പളവൂര്‍, കൊണ്ടാ നഗരം, മൊലത്തിട്ടിയൂര്‍, നടക്കളൂര്‍, അറിയനായികിപുരം,വെല്ലാളന്‍ കുളം തുടങ്ങിയ തമിഴ്‌നാട്ടിലെ ഏഴ് ഇടങ്ങളിലാണ് ആശുപത്രി മാലിന്യങ്ങള്‍ ഒരു പ്രോട്ടോകോളും പാലിക്കാതെ തള്ളിയത്. തിരുവനന്തപുരം ആര്‍സിസിയിലെയും ഉള്ളൂര്‍ ക്രെഡന്‍സ് ആശുപത്രിയിലെയും മാലിന്യമാണ് ഇവിടെ തള്ളിയത്. ആര്‍സിസിയിലെ രോഗികളുടെ സ്വകാര്യ വിവരങ്ങള്‍ അടങ്ങിയിട്ടുള്ള രേഖകള്‍ ഉള്‍പ്പെടെ കണ്ടെത്തിയതോടെ സംഭവം കൂടുതല്‍ വിവാദമായി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേരളത്തിന്റെ ധൃതി പിടിച്ചുള്ള തിരുത്തല്‍ നടപടി.

മാലിന്യം നീക്കം ചെയ്യാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. ഇതിനായി 16 ലോറികളാണ് കേരളത്തില്‍ നിന്ന് എത്തിയത്. ക്ലീന്‍ കേരള കമ്പനിക്കും നഗരസഭയ്ക്കുമായിരുന്നു ചുമതല. ക്ലീന്‍ കേരളയുടെ ഗോ ഡൗണില്‍ മാലിന്യങ്ങള്‍ എത്തിച്ച് വേര്‍തിരിച്ച് സംസ്‌കരിക്കും. തിരുനേല്‍വേലി കലക്ടറും മെഡിക്കല്‍ സംഘവും സ്ഥിതിഗതികള്‍ വിലയിരുത്തി. മാലിന്യമെത്തിച്ച ലോറിയും ഡ്രൈവറെയും തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സേലം സ്വദേശിയുടെ ലോറി പിടികൂടിയത്. സംഭവത്തില്‍ ഇതുവരെ 6 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com