
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സുനിതാ വില്യംസും ബച്ച് മോറും ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യും. ബഹിരാകാശത്ത് കുടുങ്ങിയതിനെക്കുറിച്ചുള്ള ഒരു വീഡിയോ പത്രസമ്മേളനത്തിലായിരുന്നു ഇരുവരും പ്രതികരണം രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് 2024 ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തങ്ങളുടെ ബാലറ്റ് രേഖപ്പെടുത്താൻ കാത്തിരിക്കുകയാണെന്ന് രണ്ട് ബഹിരാകാശ സഞ്ചാരികളും പറഞ്ഞു.
ഇന്ന് ബാലറ്റിനുള്ള തൻ്റെ അഭ്യർഥന അയച്ചതായി ബച്ച് വിൽമോർ പറഞ്ഞു. അമേരിക്കൻ പൗരന്മാർ എന്ന നിലയിൽ നാമെല്ലാവരും വഹിക്കുന്നത് വളരെ പ്രധാനപ്പെട്ട പങ്കാണെന്നും, അത് ചെയ്യാൻ നാസ ഞങ്ങളെ സഹായിക്കുമെന്നും ഇരുവരും അറിയിച്ചു. വോട്ട് രേഖപ്പെടുത്തുക എന്നത് പ്രധാനപ്പെട്ട കടമയാണ്. ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാൻ കാത്തിരിക്കുകയാണെന്നും അത് വളരെ രസകരമായ കാര്യമാണെന്നും സുനിത വില്യംസ് കൂട്ടിച്ചേർത്തു. നവംബർ 5 നാണ് യുഎസ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി കമലാ ഹാരിസും റിപ്പബ്ലിക്കൻ എതിരാളി ഡൊണാൾഡ് ട്രംപും തമ്മിലുള്ള പോരാട്ടം നടക്കുന്നത്.
അതേസമയം ഇത് സന്തോഷകരമായ സ്ഥലമാണെന്നും ഇവിടെ ജീവിക്കാൻ ഇഷ്‌ടപ്പെടുന്നുവെന്നും സുനിത വില്യംസ് പറഞ്ഞു. ബഹിരാകാശത്ത് നിന്നുള്ള മടങ്ങി വരവിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലാണ് സുനിതാ വില്യംസിൻ്റെയും ബച്ച് മോറിൻ്റെയും മടങ്ങി വരവിൽ തീരുമാനം ആയത്. ഇക്കഴിഞ്ഞ ജൂൺ 5നാണ് സുനിതാ വില്യംസും സഹയാത്രികനായ ബച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്. ബഹിരാകാശത്തേക്ക് ആളുകളെ കൊണ്ടു പോകാനും തിരികെ കൊണ്ടു വരാനുമുള്ള ബഹിരാകാശ പേടകത്തിൻ്റെ ശേഷി തെളിയിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.
സുനിത വില്യംസിൻ്റെ മൂന്നാമത്തെ ബഹിരാകാശ യാത്ര. ബോയിങ് സ്റ്റാർലൈൻ്റെ ആദ്യയാത്രയും. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് പോയതെങ്കിലും 80 ദിവസം കഴിഞ്ഞിട്ടും തിരിച്ചു വരാൻ കഴിയാതെ ബഹിരാകാശത്ത് കുടുങ്ങി കിടക്കുകയാണ് സുനിതാ വില്യംസും സഹയാത്രികനും.ജൂൺ 5 ന് ഭൂമിയിൽ നിന്നും പുറപ്പെട്ട പേടകം ജൂൺ ആറിനാണ് അവിടെയെത്തുന്നത്. തുടക്കം മുതൽ സാങ്കേതിക പിഴവുകൾ കണ്ടെത്തിയിരുന്ന സ്റ്റാർലൈനർ പേടകത്തിൻ്റെ തിരിച്ച് വരവിന് തടസ്സമായതും ഇത് തന്നെയാണ്.
എട്ടു ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പോയ ബഹിരാകാശ യാത്രിക സുനിത വില്യംസിനേയും സഹയാത്രികൻ ബാരി വിൽമോറിനേയും തിരിച്ചെത്തിക്കുക അടുത്ത വർഷമെന്ന് നാസ വ്യക്തമാക്കിയിരുന്നു. ഇരുവരേയും അടുത്ത വർഷം ഫെബ്രുവരിയിൽ എലോൺ മസ്കിൻ്റെ സ്പെയ്സ് എക്സിൽ തിരിച്ചെത്തിക്കുമെന്ന് അറിയിച്ചത്. സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം വാതക ചോർച്ചയും ത്രസ്റ്ററുകൾ ഉപയോഗക്ഷമമല്ലാതായതുമാണ് മടക്കയാത്രയ്ക്ക് തടസം സൃഷ്ടിച്ചത്.