
ബഹിരാകാശത്ത് അകപ്പെട്ട യാത്രികരായ സുനിത വില്യംസിൻ്റെയും, ബുച്ച് വിൽമോറിൻ്റെയും ആരോഗ്യമാണ് ഇപ്പോൾ ആഗോളതലത്തിലെ ചർച്ച. കഴിഞ്ഞ ജൂണിൽ സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ യാത്രക്കായി പുറപ്പെട്ട യാത്രികർ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇവരെ തിരികെയെത്തിക്കാനായി 'ഫാൽക്കൺ 9' എന്ന റോക്കറ്റ് പുറപ്പെട്ടെങ്കിലും, ഇരുവരുടെയും ആരോഗ്യം ക്ഷയിച്ച ചിത്രങ്ങൾ പുറത്തെത്തിയതോടെയാണ് ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ ആശങ്ക ഉയർന്നത്. ഇപ്പോൾ ലോകമെമ്പാടുമുള്ള ആളുകളുടെ ഊഹാപോഹങ്ങൾക്ക് ബഹിരാകാശത്തു നിന്ന് വീഡിയോ സന്ദേശത്തിലൂടെ മറുപടി അയച്ചിരിക്കുകയാണ് സുനിത വില്യംസ്. താൻ ആരോഗ്യവതിയാണെന്നും ആശങ്കവേണ്ടെന്നുമാണ് സുനിത വില്യംസ് പറയുന്നത്.
നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനും ബുച്ച് വിൽമോറിനും അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നുവെന്ന ആശങ്കകളാണ് പരക്കെ ഉയർന്നിരുന്നത്. സുനിത വില്യംസിൻ്റെ സമീപകാല ചിത്രങ്ങളാണ് ചർച്ചകൾക്കു കാരണമായത്. എന്നാൽ ഉയർന്നുവരുന്ന ആശങ്കകൾ കേവലം കിംവദന്തികളായി തള്ളിക്കളയുകയാണ് സുനിത വില്യംസ്. താൻ ഭൂമിയിൽ നിന്ന് പുറപ്പെട്ട അതേ ഭാരം തന്നെയാണ് നിലവിലുള്ളത്. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റിയെ ചെറുക്കാൻ കർശന വ്യായാമ മുറകൾ ചെയ്യുന്നതിനാലാണ് തൻ്റെ ശരീരഭാരം കുറഞ്ഞത്. ദിനംപ്രതി വ്യായാമം ബൈക്ക് ഓടിക്കുകയും, ട്രെഡ് മില്ലിൽ ഓടുകയും, വൈറ്റ് ലിഫ്റ്റിങ്ങും ചെയ്യുന്നുണ്ട്. ഈ അധ്വാനങ്ങളാണ് തൻ്റെ രൂപമാറ്റത്തിനു കാരണമെന്നും താൻ ആരോഗ്യവതിയാണെന്നും സുനിത വില്യംസ് വീഡിയോയിലൂടെ പ്രതികരിച്ചു.
പത്ത് ദിവസത്തെ ദൗത്യത്തിനായി നാസയുടെ ബോയിങ് സ്റ്റാർലൈനിൽ കലിപ്സോ കാപ്സ്യൂളിലാണ് സുനിതയും ബഹിരാകാശ യാത്രികനായ ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ബഹിരാകാശത്തേക്ക് ആളുകളെ കൊണ്ടു പോകാനും തിരികെ കൊണ്ടുവരാനുമുള്ള ബോയിങ് സ്റ്റാർലൈൻ എന്ന ബഹിരാകാശ പേടകത്തിൻ്റെ ശേഷി തെളിയിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.
സുനിത വില്യംസിൻ്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയും, ബോയിങ് സ്റ്റാർലൈൻ്റെ ആദ്യ യാത്രയുമായിരുന്നു അത്. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് പോയതെങ്കിലും നൂറിലധികം ദിവസമായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ് സുനിതാ വില്യംസും ബുച്ച് മോറും. ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌കിൻ്റെ സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സാണ് രക്ഷാദൗത്യത്തിനായി റോക്കറ്റ് വിക്ഷേപിച്ചിരിക്കുന്നത്. ഫാൽക്കൺ 9 എന്ന റോക്കറ്റ് 2025 ഫെബ്രുവരിയിൽ ബഹിരാകാശ നിലയത്തിൽ നിന്ന് തിരികെ വരുമ്പോൾ ഇരുവരെയും ഒപ്പം കൂട്ടാനാണ് പദ്ധതി.