
ഇന്ത്യൻ വംശജയായ സുനിതാ വില്യംസ് ഉൾപ്പെടെയുള്ളവരെ ബഹിരാകാശത്തു നിന്നു മടക്കി കൊണ്ടുവരാനുള്ള സാധ്യതകൾ അടഞ്ഞിട്ടില്ലെന്ന് നാസ. കഴിഞ്ഞ 13ന് മടങ്ങേണ്ടിയിരുന്നവർ രണ്ടാഴ്ചയായി ബഹിരാകാശ നിലയത്തിൽ തുടരുന്ന സാഹചര്യത്തിലാണ് നാസയുടെ വിശദീകരണം. സുനിത വില്യംസും സഹയാത്രികൻ ബാരി വിൽമോറും ഇപ്പോഴുള്ളത് ഇന്‍റർനാൽനൽ സ്പേസ് സ്റ്റേഷൻ എന്ന രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലാണ്. നിലവിൽ മടക്കത്തിന് തടസ്സമാകുന്നത് ഇവരുടെ വാഹനമായ ബോയിങ് സ്റ്റാർലൈനറിന്‍റെ തകരാറാണ്.
ജൂൺ അഞ്ചിന് ബോയിങ് സ്റ്റാർലൈനർ പുറപ്പെട്ട ഈ നിമിഷം തന്നെ ഉയർന്നതാണ് ആശങ്കകളും അഭ്യൂഹങ്ങളും. യാത്ര പുറപ്പെടും മുൻപു തന്നെ പേടകത്തിന്‍റെ പ്രൊപ്പൽഷൻ സംവിധാനത്തിൽ ഹീലിയം ചോർച്ച കണ്ടെത്തി. അതു പേടകത്തിന്‍റെയും യാത്രക്കാരുടേയും സുരക്ഷയെ ബാധിക്കില്ലെന്നു വിലയിരുത്തി യാത്ര തീരുമാനിച്ചു. പക്ഷേ, ബഹിരാകാശത്ത് എത്തിയതോടെ നാലിടത്തു നിന്നു കൂടി ഹീലിയം ചോർന്നു. ഇതാണ് പ്രതിസന്ധിയായത്.
ജൂൺ 18, 22, 26 തീയതികളിൽ എല്ലാം മടക്കം പ്രഖ്യാപിച്ചെങ്കിലും അതൊന്നും സാധ്യമാകാതെ വന്നതോടെയാണ് ആശങ്കയുണ്ടായത്. ഇപ്പോൾ ജൂലൈയിലെ ഒരു ദിവസം മടങ്ങും എന്നുമാത്രമാണ് നാസ പറയുന്നത്. തിയതി പ്രഖ്യാപിച്ചിട്ടില്ല. പേടകത്തിൽ എഴുപതു മണിക്കൂർ സഞ്ചരിക്കാനുള്ള ഹീലിയം ഇപ്പോഴും ബാക്കിയുണ്ട് എന്നതാണ് നാസയുടേയും ബോയിങ്ങിന്‍റേയും ആത്മവിശ്വാസത്തിനു പിന്നിൽ. ബഹിരാകാശ പേടകത്തിൽ നിന്ന് ഭൂമിയിൽ എത്താൻ വേണ്ടത് ഏഴു മണിക്കൂർ മാത്രമാണ്. മറ്റ് യന്ത്രഭാഗങ്ങൾക്കൊന്നും തകരാറ് ഇല്ലെന്ന് ഉറപ്പിച്ചശേഷം സുരക്ഷിതമായി മടങ്ങിഎത്താം എന്നാണ് നാസയുടെ കണക്കൂകൂട്ടൽ.
ബഹിരാകാശത്തു നിന്ന് ഇരുവരേയും തിരികെ കൊണ്ടുവരാൻ ശേഷിക്കുന്ന മറ്റൊരു സാധ്യത സ്പേസ് എക്സിന്‍റെ ഡ്രാഗൺ ക്യാപ്സൂൾ ആണ്. എലോൺ മസ്കിന്‍റെ കമ്പനിയായ സ്പേസ് എക്സിന്‍റെ സഹായം തേടേണ്ടി വന്നാൽ ബോയിങ്ങിന് ബഹിരാകാശ മത്സരത്തിൽ തിരിച്ചടിയാകും എന്നതാണ് ആ ദൗത്യം വൈകാനുള്ള കാരണം. ഇപ്പോഴത്തെ തിരിച്ചടിക്ക് ബോയിങ് മാത്രമല്ല നാസയും മറുപടി പറയേണ്ടി വരും. വ്യവസായികളുടെ ബഹിരാകാശ യുദ്ധത്തിൽ സഞ്ചാരികൾ ഇരയാക്കപ്പെട്ടു എന്ന വിമർശനവും ശക്തമാണ്.