
സ്റ്റാർലൈനർ പേടകത്തിന്‍റെ തകരാറുമൂലം ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശ യാത്രിക സുനിതാ വില്ല്യംസിന് ഇന്ന് 59ാം പിറന്നാൾ.ഇത്തവണ സഹയാത്രികന്‍ ബാരി വിൽമോറിനൊപ്പം രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലാണ് ആഘോഷം. ഇത് രണ്ടാം തവണയാണ് സുനിത ബഹിരാകാശത്ത് പിറന്നാൾ ആഘോഷിക്കുന്നത്.
1965 സെപ്റ്റംബർ 19 ന് അമേരിക്കയിലെ ഒഹായോയിലായിരുന്നു സുനിതയുടെ ജനനം. ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ ദീപക് പാണ്ഡ്യ, യൂറോപ്യന്‍- അമേരിക്കന്‍ വംശജയായ ഉർസുലീന്‍ ബോണി എന്നിവരാണ് മാതാപിതാക്കള്‍. ഇപ്പോള്‍ മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിലുള്ള സുനിത ഇത് രണ്ടാംതവണയാണ് ബഹിരാകാശത്ത് പിറന്നാളാഘോഷിക്കുന്നത്. 2012 ജൂലൈ മുതൽ നവംബർ വരെ നീണ്ട മുന്‍ ദൗത്യത്തിനിടെയായിരുന്നു ആദ്യ ആഘോഷം.
എട്ട് മാസംവരെ സ്പേസ് സെന്‍ററില്‍ തുടരേണ്ടിവരുമെന്ന് കണക്കാക്കുന്ന നിലവിലെ ദൗത്യം സുനിത വില്യംസിൻ്റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയതാണ്. ജൂൺ 6 മുതൽ സ്പേസ് സ്റ്റേഷനില്‍ തുടരുന്ന സുനിതയും വിൽമോറും 2025 ഫെബ്രുവരിയില്‍ സ്‌പേസ് എക്‌സിൻ്റെ ഡ്രാഗൺ ക്രൂ ബഹിരാകാശ പേടകത്തിലായിരിക്കും ഭൂമിയിലേക്ക് മടങ്ങുക.