
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് തകര്‍പ്പന്‍ ജയം. 5 വിക്കറ്റിനാണ് ഹൈദരാബാദിനെ ലഖ്നൗ തകര്‍ത്തത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലഖ്നൗവിന് വേണ്ടി നിക്കോളാസ് പൂരാനും മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ച്വറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഹൈദരാബാദിന് തുടക്കം തന്നെ പിഴച്ചിരുന്നു. 190 റണ്‍സ് നേടാനേ ടീമിന് സാധിച്ചുള്ളൂ.
26 പന്തില്‍ 70 റണ്‍സാണ് പൂരാന്‍ നേടിയത്. 31 പന്തില്‍ മാര്‍ഷ് 52 റണ്‍സും അടിച്ചുകൂട്ടി. പൂരാന്റേയും മാര്‍ഷിന്റേയും വെടിക്കെട്ട് ബാറ്റിങ്ങില്‍ 16.1 ഓവറില്‍ ലക്‌നൗ 191 റണ്‍സ് എന്ന ലക്ഷ്യത്തില്‍ അനായാസം എത്തി. ലഖ്നൗവിന് മുന്നില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തകര്‍ന്നടിയുന്ന ഹൈദരാബാദിനെയാണ് കണ്ടത്. ശര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ നാല് ഓവറില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. 34 റണ്‍സാണ് വഴങ്ങിയത്.
ഹൈദരാബാദിന് തുടക്കം തന്നെ പിഴച്ചിരുന്നു. മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മ(6)യേയും ഇഷാന്‍ കിഷനേയും (0) ഒന്നിനു പിറകേ ഒന്നായി ശര്‍ദുല്‍ തിരിച്ചയച്ചു. ട്രാവിസ് ഹെഡിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഹൈദരാബാദിന് ആശ്വാസമായത്. 28 പന്തില്‍ 47 റണ്‍സാണ് ട്രാവിസ് അടിച്ചുകൂട്ടിയത്. ഹെഡ് - നിതീഷ് സഖ്യം 61 റണ്‍സ് കൂട്ടിചേര്‍ത്തു. ട്രാവിസിനെ പ്രിന്‍സ് യാദവ് മടക്കി അയച്ചതോടെ ഹൈദരാബാദിന്റെ നടുവൊടിഞ്ഞു. 13 പന്തില്‍ 26 റണ്‍സ് നേടിയ അനികേത് വര്‍മയും 4 പന്തില്‍ 18 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കമ്മിന്‍സും മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചത്. ഹര്‍ഷല്‍ പട്ടേല്‍ (12), സിമാര്‍ജീത് സിംഗ് (3) പുറത്താവാതെ നിന്നു.
ഒരു മാറ്റവുമായിട്ടാണ് ലക്‌നൗ ഇന്ന് മത്സരത്തിന് ഇറങ്ങിയത്. ഷഹ്ബാസ് അഹമ്മദിന് പകരം ആവേശ് ഖാന്‍ ടീമിലെത്തി. ഹൈദരാബാദ് മാറ്റമൊന്നും വരുത്തിയിരുന്നില്ല.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സിമര്‍ജീത് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: എയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ആയുഷ് ബഡോണി, ശാര്‍ദുല്‍ താക്കൂര്‍, രവി ബിഷ്നോയ്, അവേഷ് ഖാന്‍, ദിഗ്വേഷ് രതി, പ്രിന്‍സ് യാദവ്.