
സൂപ്പർ ലീഗ് കേരള ഫുട്ബോളിൻ്റെ പ്രഥമ സീസണിൽ കാലിക്കറ്റ് എഫ്‌സി ചാംപ്യന്മാരായി. ഫൈനലിൽ ഫോഴ്സ കൊച്ചിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. തോയ് സിങ്ങ്, ബെൽഫോർട്ട് എന്നിവരാണ് ചാമ്പ്യന്മാർക്കായി വലകുലുക്കിയത്. ഡോറിയെൽട്ടനിലൂടെ കൊച്ചി ആശ്വാസ ഗോൾ കണ്ടെത്തി.
മത്സരം തുടങ്ങിയത് കൊച്ചിയുടെ ആക്രമണങ്ങളോടെയായിരുന്നു. ആദ്യ മിനിറ്റുകളിൽ കൊച്ചി കാലിക്കറ്റ് ഗോൾമുഖത്ത് അപകടം വിതച്ചു. എന്നാൽ കാലിക്കറ്റ് മത്സരത്തിൽ താളം കണ്ടെത്തിയതോടെ കൊച്ചിയുടെ പ്രതിരോധത്തിലായി. 15ാം മിനിറ്റിൽ കാലിക്കറ്റിന്റെ ആദ്യ ഗോൾ പിറന്നു. മധ്യഭാഗത്ത് നിന്നും ലഭിച്ച പന്തുമായി ഇടത് വിങ്ങിലൂടെ മുന്നേറിയ ജോൺ കേന്നഡി പന്ത് തോയ് സിങ്ങിന് നീട്ടിനൽകി. താരം അനായാസം പന്ത് വലയിലാക്കി. രണ്ടാം പകുതിയിൽ 71ാം മിനിറ്റിലാണ് കാലിക്കറ്റ് വീണ്ടും മുന്നിലെത്തിയത്. ബെൽഫോർട്ടിന്റെ ഇടംകാൽ ഷോട്ട് കൊച്ചിയുടെ വല കുലുക്കി.
പിന്നാലെ രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ 93ാം മിനിറ്റിൽ ഡോറിയെൽട്ടനിലൂടെ കൊച്ചി ഒരു ഗോൾ മടക്കി. എന്നാൽ സമനില ഗോൾ കണ്ടെത്താൻ അവസാനം വരെ കിണഞ്ഞു പരിശ്രമിച്ചിട്ടും കൊച്ചിക്ക് കഴിയാത്തതോടെ, പ്രഥമ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കറ്റ് ചാംപ്യന്മാരായി.