
സൂപ്പർ ലീഗ് കേരളയിൽ തലയെടുപ്പോടെ മുന്നേറി മലപ്പുറം എഫ്‌സിയുടെ മൊഞ്ചന്മാർ. ഉദ്ഘാടന മത്സരത്തിൽ പൃഥ്വിരാജ് സുകുമാരൻ്റെ ഫോഴ്സ കൊച്ചി എഫ്‌സിയെ മലപ്പുറം എഫ്‌സി എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു. മത്സരത്തിൻ്റെ ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.
മൂന്നാം മിനിറ്റിൽ പെഡ്രോ മാൻസി ആണ് ഗ്യാലറിയെ ഞെട്ടിച്ച് ആദ്യ ഗോൾ നേടിയത്. 40ാം മിനിറ്റിൽ ഫസലു റഹ്മാനാണ് സന്ദർശകരുടെ രണ്ടാം ഗോൾ നേടിയത്. മത്സരത്തിലുടനീളം മലപ്പുറമാണ് ആതിപത്യം പുലർത്തിയത്. കൊച്ചിയുടെ ഗോൾശ്രമങ്ങളെല്ലാം മലപ്പുറത്തിൻ്റെ പ്രതിരോധ കോട്ടയിൽ തട്ടിച്ചിതറി.
കൊച്ചി കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കേരളത്തിന്‍റെ ഫുട്ബോൾ ആവേശവുമായി സൂപ്പർ ലീഗ് കേരള ടൂർണമെന്റിന് കൊടിയേറിയത്. താരപ്പൊലിമയുടെ നിറവിൽ വർണാഭമായ ഉദ്‌ഘാടന ചടങ്ങുകൾക്കും കലൂർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.