"പാലക്കാട് CPIM നടത്തിയത് സാമുദായിക വിജഭനം, അർഹിക്കുന്ന അവജ്ഞയോടെ ജനം അത് തള്ളി"; വിമർശനവുമായി സമസ്ത മുഖപത്രം

സിപിഎമ്മിനെ വിമർശിക്കുന്നതിനൊപ്പം, കോൺഗ്രസിനെ ആവോളം പുകഴ്ത്തികൊണ്ടായിരുന്നു സുപ്രഭാതത്തിൻ്റെ മുഖപ്രസംഗം
"പാലക്കാട് CPIM നടത്തിയത് സാമുദായിക വിജഭനം, അർഹിക്കുന്ന അവജ്ഞയോടെ ജനം അത് തള്ളി"; വിമർശനവുമായി സമസ്ത മുഖപത്രം
Published on



തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ സുപ്രഭാതം. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സമുദായിക വിഭാഗീയതയുണ്ടാക്കുന്ന പ്രചരണം നടത്തിയെന്നാണ് സുപ്രഭാതം എഡിറ്റോറിയലിലെ വിമർശനം. ഇത് മതേതര കേരളത്തിൻ്റെ മനസാക്ഷിയിൽ ആഴത്തിലുള്ള മുറിവുണ്ടാക്കിയെന്നും,
അർഹിക്കുന്ന അവജ്ഞയോടെ ഈ പ്രചരണത്തെ ജനാധിപത്യ കേരളം തള്ളിക്കളഞ്ഞുവെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടി. 'തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠങ്ങള്‍' എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.

പാലക്കാട്ടെ യുഡിഎഫിന്റെ ജയം പല ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ പാര്‍ട്ടികളുടേയും വോട്ടുനേടിയാണെന്നായിരുന്നു സിപിഎമ്മിന്റെ പ്രധാന ആരോപണം. തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും നടന്ന ഇത്തരം പ്രചരണത്തിനെതിരെയാണ് പാലക്കാട്ടെ പരാജയം ഉയര്‍ത്തിക്കാട്ടികൊണ്ടുള്ള സമസ്ത മുഖപത്രത്തിന്റെ വിമർശനം . സിപിഎമ്മിന്റെ ഇത്തരം പ്രചരണങ്ങള്‍ കേരളത്തിലെ ജനാധിപത്യ സമൂഹം, അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

സ്വതന്ത്ര സ്ഥാനാർഥിയെ പരീക്ഷിച്ചിട്ടും എന്തുകൊണ്ട് മൂന്നാം സ്ഥാനത്തുനിന്ന് കരകയറാൻ കഴിഞ്ഞില്ല എന്നത് സിപിഎം പരിശോധിക്കേണ്ടിയിരിക്കുന്നു. സാമുദായിക വിഭാഗീതയ ഉൾപ്പെടെ ഒട്ടേറെ വിലകുറഞ്ഞ പ്രചരണങ്ങൾ എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി നടക്കുകയുണ്ടായി. ഇത് മതേതര കേരളത്തിന്റെ മനസാക്ഷിയിൽ ഏൽപ്പിച്ച മുറിവ് ആഴമുള്ളത് തന്നെയായിരുന്നെന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ പറയുന്നു.

സിപിഎമ്മിനെ വിമർശിക്കുന്നതിനൊപ്പം, കോൺഗ്രസിനെ ആവോളം പുകഴ്ത്തികൊണ്ടായിരുന്നു സുപ്രഭാതത്തിൻ്റെ മുഖപ്രസംഗം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള വിജയം യുഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുമെന്നും പ്രിയങ്കയുടെ ഭൂരിപക്ഷം ഇന്ത്യാ മുന്നണിക്ക് കരുത്ത് പകരുമെന്നും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com