
തെലുങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയെ വിമർശിച്ച് സുപ്രിം കോടതി. ബിആർഎസ് എംഎൽഎമാർ കോൺഗ്രസ് പാർട്ടിയിലേക്ക് മാറിയാലും ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. നിയമസഭയിൽ ഇത്തരം പ്രസ്താവന മുഖ്യമന്ത്രി നടത്തുന്നത് ഭരണഘടനയെ പരിഹസിക്കലാണെന്ന് കോടതി കുറ്റപെടുത്തി.
എംഎൽഎമാർ കൂറുമാറിയതുമായി ബന്ധപ്പെട്ട് സമർപ്പിച്ച അയോഗ്യതാ ഹർജികളിൽ, തെലങ്കാന നിയമസഭാ സ്പീക്കറുടെ ഇടപെടൽ ആവശ്യപ്പെടുന്ന ഹർജികളാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ ബി.ആർ. ഗവായി, എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
രാമലീല മൈതാനത്ത് പറയുന്ന കാര്യം സഭയിൽ പറയരുത്. രാഷ്ട്രീയക്കാർ നിയമസഭയിൽ എന്തെങ്കിലും പറയുമ്പോൾ ശ്രദ്ധിക്കണം. അതിന് ഒരു പവിത്രതയുണ്ട്. ഇത്തരത്തിലുള്ള നടപടികൾ ആവർത്തിക്കരുതെന്നും ജസ്റ്റിസ് ബി.ആർ. ഗവായി പറഞ്ഞു.