''സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കരുത്''; പഹല്‍ഗാം ആക്രമണത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി

"ജഡ്ജിമാര്‍ക്ക് സൈനിക വിഷയങ്ങളില്‍ അന്വേഷണം നടത്താനാവുമോ? എന്നു മുതലാണ് സുപ്രീം കോടതി ഇത്തരം വിഷയങ്ങളില്‍ വിദഗ്ധരായി തുടങ്ങിയത്"
''സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കരുത്''; പഹല്‍ഗാം ആക്രമണത്തില്‍ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീം കോടതി
Published on

പഹല്‍ഗാം ഭീകരാക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സൈനികരുടെ മനോവീര്യം തകര്‍ക്കുകയാണോ ലക്ഷ്യമെന്ന് ചോദിച്ച കോടതി ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളുകയും ചെയ്തു.

ഹര്‍ജിക്കാരനെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജുഡീഷ്യല്‍ അന്വേഷണം പോലുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഹര്‍ജി നല്‍കുന്നതിന് മുമ്പ് കുറച്ച് ഉത്തരവാദിത്തം കാണിക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

ജഡ്ജിമാര്‍ക്ക് സൈനിക വിഷയങ്ങളില്‍ അന്വേഷണം നടത്താനാവുമോ? എന്നു മുതലാണ് സുപ്രീം കോടതി ഇത്തരം വിഷയങ്ങളില്‍ വിദഗ്ധരായി തുടങ്ങിയതെന്നും ചോദിച്ച സുപ്രീം കോടതി ഭീകരവാദത്തിനെതിരെ ഓരോ പൗരനും കൈകോര്‍ക്കുന്ന സമയമാണിതെന്നും കോടതി പറഞ്ഞു.

'പൊതുതാത്പര്യ ഹര്‍ജികള്‍ ഒക്കെ ഫയല്‍ ചെയ്യുമ്പോള്‍ കുറച്ച് ഉത്തരവാദിത്തം കാണിക്കണം. നിങ്ങള്‍ക്ക് രാജ്യത്തോടും ഉത്തരവാദിത്തമുണ്ട്. സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കാനുള്ള ശ്രമമാണോ ഇത്. ഈ അന്വേഷണത്തിന് എപ്പോള്‍ മുതലാണ് ഞങ്ങള്‍ വിദഗ്ധരായി തുടങ്ങിയത്?,' സുപ്രീം കോടതി ചോദിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കശ്മീര്‍ സ്വദേശികളായ ജുനൈദ്, ഫതേഷ് കുമാര്‍, വിക്കി കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. രാജ്യം കടന്നു പോകുന്ന സാഹചര്യം മനസിലാക്കി അപേക്ഷ പിന്‍വലിക്കണമെന്നും കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഇവര്‍ ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com