ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കേസെടുത്ത് അന്വേഷണം നടത്താമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി

സ്റ്റേ നല്‍കുന്ന കാര്യം അടുത്ത തവണ പരിഗണിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കേസെടുത്ത് അന്വേഷണം നടത്താമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി
Published on



ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്ന നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയായിരുന്നു സുപ്രീം കോടതി പരിഗണിച്ചത്.

മൂന്നാഴ്ചയ്ക്കകം വീണ്ടും ഹര്‍ജി പരിഗണിക്കും. സ്റ്റേ നല്‍കുന്ന കാര്യം അടുത്ത തവണ പരിഗണിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. വിഷയത്തില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

കേസ് നവംബര്‍ 19ന് പരിഗണിക്കാനായാണ് മാറ്റിയത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പിബി വരാലെ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് സജിമോന്‍ പാറയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കുന്നതില്‍ ഹര്‍ജിക്കാരനെന്താണ് കാര്യമെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പല മൊഴികളും കേസെടുക്കാവുന്ന തരത്തിലാണെന്നും ഇവ ഭാരതീയ ന്യായ സംഹിത പ്രകാരം പ്രഥമ വിവരങ്ങളായി കണക്കാക്കി അന്വേഷിക്കണമെന്നും ഹൈക്കോടതി ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് നിര്‍മാതാവ് സജിമോന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിയമ വിരുദ്ധമാണ്, എസ് ഐ ടിയുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് കോടതിയുടെ നിര്‍ദേശം. ഹൈക്കോടതി അനാവശ്യ ഇടപെടല്‍ നടത്തി സാക്ഷികളെയും അതിജീവിതരെയും മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കിയെന്നും ഇക്കാരണത്താല്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു ആവശ്യം.

എന്നാല്‍ അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ സ്റ്റേ ചെയ്യുന്നതില്‍ തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റിയുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കേസെടുക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. കേസെടുത്ത ശേഷം അതിജീവിതമാരെ സമീപിച്ച് മൊഴി രേഖപ്പെടുത്താം.

പുതിയ മൊഴി നല്‍കാന്‍ ആരേയും നിര്‍ബന്ധിക്കരുത്. പരാതിയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെങ്കില്‍ അത് രേഖപ്പെടുത്തണം. കഴമ്പുണ്ടെന്ന് കാണുന്ന പരാതികളില്‍ വിശദമായ അന്വേഷണം നടത്തി ബന്ധപ്പെട്ട കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അല്ലാത്തപക്ഷം റഫര്‍ റിപ്പോര്‍ട്ട് നല്‍കി നടപടികള്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്.





Related Stories

No stories found.
News Malayalam 24x7
newsmalayalam.com