
രാജ്യത്തെ സ്പെഷ്യൽ എജുക്കേറ്റർമാരുടെ ഒഴിവുകൾ 12 ആഴ്ചകൾക്കകം കണ്ടെത്തി പ്രസിദ്ധീകരിക്കാൻ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നിർദേശം. ആവശ്യത്തിന് സ്പെഷ്യൽ എജുക്കേറ്റർമാർ ഇല്ലാത്തതു കാരണം സംസ്ഥാനത്തെ ഒന്നേകാൽ ലക്ഷത്തോളം വരുന്ന ഭിന്നശേഷി വിദ്യാർഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുമെന്ന പ്രശ്നം ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു.
കേരള റിസോഴ്സ് ടീച്ചേർസ് അസോസിയേഷൻ സുപ്രീം കോടതിയിൽ നടത്തിയ നിയമ പോരാട്ടങ്ങളുടെ തുടർച്ചയായാണ് സുപ്രീം കോടതി നിർദേശം. കേന്ദ്ര മാനദണ്ഡ പ്രകാരം ഇങ്ങനെ കണ്ടെത്തുന്ന പോസ്റ്റുകളിലേക്ക് സ്ഥിരനിയമനത്തിനുള്ള നടപടികൾ സ്വീകരിക്കണം നിലവിൽ കോൺട്രാക്ടിൽ ജോലി ചെയ്യുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ക്രീൻ ചെയ്യുന്നതിനായി സംസ്ഥാനങ്ങൾ പ്രത്യേക സമിതി രൂപീകരിക്കണമെന്നും നിർദേശമുണ്ട്.
നിലവിലുള്ള അധ്യാപകരുടെ ആർസിഐ രജിസ്ട്രേഷൻ ഉൾപ്പടെയുള്ള യോഗ്യതകൾ പരിശോധിച്ച് സർക്കാർ കണ്ടെത്തുന്ന ഒഴിവിലേക്ക് ഇവരെ സ്ഥിരനിയമനത്തിനായി പരിഗണിക്കണം. ഇങ്ങനെ പരിഗണിക്കുന്നവർക്ക് ആവശ്യമെങ്കിൽ പ്രായപരിധിയിൽ ഇളവ് നൽകണം, മറ്റു അധ്യാപകർക്ക് തുല്യമായ സേവന വേതന വ്യവസ്ഥകൾ നൽകണം. സുപ്രീം കോടതി ഉത്തരവിന് ശേഷമുള്ള സാമ്പത്തിക ആനുകൂല്യങ്ങൾക്ക് മാത്രമേ ഇവർക്ക് അർഹതയുള്ളൂ. സുപ്രീം കോടതി നിർദേശങ്ങൾ നടപ്പാക്കിയോ എന്ന് പരിശോധിക്കാൻ കേസ് മൂന്നു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി നിർദേശത്തിൽ വ്യക്തമാക്കി.