
മട്ടന്നൂർ ഷുഹൈബ് വധകേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹർജി സുപ്രീം കോടതി തള്ളി.
എടയന്നൂർ ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിൻ്റെ മാതാപിതാക്കളും സഹോദരിമാരും പ്രധാനമന്ത്രിക്ക് നിവേദനം അയച്ചിരുന്നു. കേസിൽ പിടിയിലായ പ്രതി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോടൊപ്പം നിൽക്കുന്ന പടം മാധ്യമങ്ങളിൽ കണ്ടുവെന്നും പൊലീസ് അന്വേഷണം പ്രഹസനമാക്കുകയാണ് എന്നുമായിരുന്നു കുടുംബത്തിൻ്റെ ആരോപണം.
പിടിയിലായ പ്രതികൾക്ക് ഷുഹൈബുമായി പരിചയമോ വൈരാഗ്യമോ ഉണ്ടായിരുന്നില്ല. സിപിഎം പ്രവർത്തകരാണ് ഇവർ. യഥാർഥ പ്രതികളെയും പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കേരള പൊലീസിന്റെ അന്വേഷണം കൊണ്ടു കഴിയില്ലെന്നും നിവേദനത്തിൽ പറഞ്ഞിരുന്നു.
2018 ഫെബ്രുവരി 12നാണ് മട്ടന്നൂർ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. തട്ടുകടയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന ഷുഹൈബിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.