
കന്‍വാര്‍ യാത്ര പാതയിലെ കടകളില്‍ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവിനുള്ള സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി . യു.പി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവിനുള്ള സ്റ്റേ നീട്ടിക്കൊണ്ടാണ് പുതിയ ഉത്തരവ്. വിഷയത്തിൽ ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും സുപ്രീം കോടതി പ്രതികരണം തേടിയിട്ടുണ്ട്. ജൂലൈ 22ലെ ഉത്തരവിൽ പറയേണ്ടത് പറഞ്ഞിട്ടുണ്ടെന്നും, പേരുകൾ വെളിപ്പെടുത്താൻ ആരെയും നിർബന്ധിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ സ്വമേധയാ പ്രദർശിപ്പിക്കുന്നതിൽ നിന്ന് ആരെയും തടഞ്ഞിട്ടില്ലെന്നും അവരെ നിർബന്ധിക്കുന്നതിനെതിരെ മാത്രമാണ് സ്റ്റേയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച നിയന്ത്രണങ്ങൾക്കെതിരെ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ്, ടിഎംസി എംപി മഹുവ മൊയ്ത്ര, പ്രൊഫസർ അപൂർവാനന്ദ്, കോളമിസ്റ്റ് ആകർ പട്ടേൽ എന്നിവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു ബെഞ്ച്.
മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളോട് നിർദ്ദേശങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ പ്രതികരണം ഫയൽ ചെയ്യാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരുകളുടെ മറുപടികളോട് പ്രതികരിക്കാൻ ഹർജിക്കാർക്ക് അനുമതി നൽകുകയും കേസ് ഓഗസ്റ്റ് അഞ്ചിന് പോസ്റ്റ് ചെയ്യുകയും ചെയ്തു.
കൻവാർ യാത്രാ പാതയിലുള്ള കച്ചവടക്കാർ കടകളുടെ ഉടമസ്ഥരുടെ പേരു വിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന നിർദേശത്തെ ന്യായീകരിച്ച് ഉത്തർ പ്രദേശ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് കോടതി സ്റ്റേ നീട്ടിയത്. കൻവാർ യാത്രയിൽ പൊതുസുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനായുള്ള അധിക നടപടിയായാണ് യുപി സർക്കാർ നെയിം പ്ലേറ്റ് നിർദേശങ്ങളെ വിശദീകരിച്ചത്. ഇത് ജാതിയുടേയോ മതങ്ങളുടേയോ പേരിൽ വിവേചനം കാണിക്കുന്നില്ലെന്നും, തീർഥാടനവേളയിലെ വർഗീയ സംഘർഷ സാധ്യത തടയുകയാണ് ലക്ഷ്യമെന്നും യുപി സർക്കാർ നടപടിയെ ന്യായീകരിച്ചു.
ഈ വിഷയത്തിൽ യുപി, ഉത്തരാഖണ്ഡ് സർക്കാരുകളുടെ ഉത്തരവ് സ്റ്റേ ചെയ്ത് തിങ്കളാഴ്ചയാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഉടമകളുടെ പേരല്ല ഭക്ഷണശാലകളിലെ ഭക്ഷണങ്ങളുടെ വിവരമാണ് കടകളിൽ പ്രദർശിപ്പിക്കേണ്ടതെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.