
വിചാരണ മന്ദഗതിയിലായതോടെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്ത നേപ്പാളി പൗരന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കള്ളനോട്ടുമായി അറസ്റ്റിലായ ഷെയ്ക്ക് ജാവേദ് ഇഖ്ബാലിനാണ് കോടതി ജാമ്യം നൽകിയത്. കുറ്റം ഗൗരവമേറിയതാണെങ്കിൽ, വിചാരണ വേഗത്തിലാക്കുന്നുണ്ടെന്ന് പ്രോസിക്യൂഷൻ ഉറപ്പാക്കണമെന്നും വിചാരണ നീണ്ടാൽ ജാമ്യത്തെ എതിർക്കാൻ പ്രോസിക്യൂഷന് അനുമതിയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ ബി പർഡിവാല ജസ്റ്റിസ് ഉജ്ജൽ ഭുയ്യാൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് വിധി.
കേസിൽ ഒച്ചിഴയുന്ന വേഗത്തിലാണ് വിചാരണ നടക്കുന്നതെന്നായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. വിചാരണ വൈകിയതിന് പിന്നാലെ കഴിഞ്ഞ ഒൻപത് വർഷമായി ഷെയ്ക്ക് ജാവേദ് ഇഖ്ബാൽ ജയിലിൽ കഴിയുകയാണ്. രണ്ട് സാക്ഷികൾ നൽകിയ തെളിവ് മാത്രമാണ് ഇഖ്ബാലിനെതിരെ നിലവിലുള്ളത്. ഇന്ത്യൻ ഭരണഘടനയുടെ 21ാം അനുച്ഛേദം പ്രകാരം, ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശലംഘനമുണ്ടായാൽ നിയമപരമായ നിയന്ത്രണങ്ങളുണ്ടാകില്ലെന്ന് ചൂണ്ടികാട്ടിയാണ് ബെഞ്ച് ഇഖ്ബാലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
യുഎപിഎ ചുമത്തിയെങ്കിലും സുപ്രീം കോടതി ജാമ്യം അനുവദിക്കുന്ന മൂന്നാമത്തെ പ്രധാന കേസാണിത്. യുഎപിഎ നിയമപ്രകാരം പ്രതിക്ക് ജാമ്യം അനുവദിക്കാൻ പാടില്ല. ഏത് ജാമ്യാപേക്ഷയിലും പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം കേൾക്കണമെന്നും പ്രതി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടാൽ ജാമ്യം പൂർണ്ണമായും തടയണമെന്നുമാണ് നിയമം.
കേസിൽ വിചാരണ വൈകിപ്പിച്ചതിന് പിന്നാലെ 2021ൽ കോടതി യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട നജീബിന് ജാമ്യം അനുവദിച്ചിരുന്നു. ഈ കീഴ്വഴക്കത്തെ തുടർന്നാണ് പുതിയ വിധിയെന്ന് കോടതി വ്യക്തമാക്കി.
ഐപിസി 1860 പ്രകാരം വ്യാജ കറൻസി കൈവശം വയ്ക്കുകയും ബോധപൂർവം ഉപയോഗിക്കുകയും ചെയ്തതനാണ് ഇഖ്ബാലിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് കോട്ടം വരുത്തുക, തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയവയാണ് ഇഖ്ബാലിനെതിരെ ചുമത്തിയ കുറ്റങ്ങൾ. 2015 ഫെബ്രുവരിയിൽ നേപ്പാൾ- ഇന്ത്യ അതിർത്തിയിൽ വെച്ച് ഇരുപത്തിയാറ് ലക്ഷത്തിലധികം രൂപയുടെ വ്യാജ ഇന്ത്യൻ കറൻസിയുമായാണ് ഇഖ്ബാലിനെ ലക്‌നൗ പൊലീസ് അറസ്റ്റ് ചെയ്തത്.