ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി; സംസ്ഥാനങ്ങളുടെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ഇരു സംസ്ഥാനങ്ങളിലെയും ഗവർണർമാർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്
ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി; സംസ്ഥാനങ്ങളുടെ ഹർജിയിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
Published on

ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട നടപടി ചോദ്യം ചെയ്തുള്ള കേരളത്തിന്റെയും ബംഗാളിന്റെയും ഹർജികളിൽ സുപ്രീം കോടതി നോട്ടീസ്‌. കേരളത്തിന്റെ ഹർജിയിൽ രാഷ്ട്രപതിയുടെയും ഗവര്‍ണറുടെയും സെക്രട്ടറിമാര്‍ക്കാണ് സുപ്രീം കോടതി നോട്ടീസ് നൽകിയത്. ഇരു സംസ്ഥാനങ്ങളിലെയും ഗവർണർമാർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദേശം നൽകി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ബില്ലുകളില്‍ ഗവര്‍ണർമാര്‍ തീരുമാനമെടുക്കുന്നതിന് മാര്‍ഗനിര്‍ദേശം വേണമെന്ന് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. കെ. വേണുഗോപാലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

നിയമസഭ പാസാക്കിയ ബില്ലുകൾ അം​ഗീകരിക്കാതെ രാഷ്ട്രപതി ദ്രൗപതി മു‍ർമു തടഞ്ഞുവെക്കുന്നതിൻ്റെ നിയമസാധുത ചോദ്യം ചെയ്താണ് കേരളവും ബം​ഗാളും സുപ്രീം കോടതിയെ സമീപിച്ചത്. ഗവര്‍ണര്‍ ഏഴു ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചതും നാല് ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കാതിരുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയിൽ കേരളം ആവശ്യപ്പെട്ടു. കേന്ദ്ര- സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന ബില്ലുകളല്ലാത്തതിനാല്‍ രാഷ്ട്രപതിക്ക് വിടേണ്ടതില്ലെന്ന് കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനൊപ്പം ടി. പി. രാമകൃഷ്ണൻ എംഎൽഎയും ഹർജി സമർപ്പിച്ചു.

നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അധികാരം നൽകാത്ത ഗവർണറുടെ നടപടി ചോദ്യം ചെയ്‌ത് ബംഗാൾ സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, ഇരു സംസ്ഥാനങ്ങളുടെയും ഹർജികൾ ഒരുമിച്ച് പരിഗണിക്കാമെന്നും, സംസ്ഥാനങ്ങളുടെ അഭിഭാഷകര്‍ ചര്‍ച്ച ചെയ്ത് കോടതി പരിഗണിക്കേണ്ട വിഷയത്തെ സംബന്ധിച്ച് കുറിപ്പ് തയ്യാറാക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com