സുപ്രീം കോടതി ജഡ്ജിമാർ ഇന്ന് മണിപ്പൂരിലേക്ക്; കലാപസാഹചര്യം നേരിട്ട് വിലയിരുത്തും

ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കലാപഭൂമി സന്ദർശിക്കുക
സുപ്രീം കോടതി ജഡ്ജിമാർ ഇന്ന് മണിപ്പൂരിലേക്ക്; കലാപസാഹചര്യം നേരിട്ട് വിലയിരുത്തും
Published on

കലാപസാഹചര്യം നേരിട്ട് വിലയിരുത്താൻ സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം മണിപ്പൂരിലേക്ക്. ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കലാപഭൂമി സന്ദർശിക്കുക. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്‌, എം.എം. സുന്ദരേഷ്, എൻ. കോടേശ്വർ സിങ്, കെ.വി. വിശ്വനാഥൻ എന്നിവരാണ് സംഘത്തിലുള്ളത്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്ന സംഘം, ജനജീവിതവും ദുരിതബാധിതർക്കുള്ള സഹായവിതരണവും വിലയിരുത്തും. ജസ്റ്റിസ് സൂര്യകാന്ത് സ്വകാര്യ കാരണങ്ങളാൽ മണിപ്പൂർ സന്ദർശനത്തിന് ഇല്ല.

സംഘാംഗമായ കോടേശ്വർ സിങ് കുക്കി സ്വധീനമേഖലകളിൽ സന്ദർശനം നടത്തുന്നതിനെതിരെ തീവ്രവാദികൾ വിലക്ക് പ്രഖ്യാപിച്ചിടുണ്ട്. മെയ്തി വിഭാഗക്കാരനായ ജഡ്ജി തങ്ങളുടെ പ്രദേശത്ത് സന്ദർശനം നടത്തരുത് എന്നാണ് പ്രഖ്യാപനം. പ്രതിഷേധത്തെ തുടർന്ന് കോടേശ്വർ സിംഗ് കുക്കി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

മണിപ്പൂരിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നിയമിച്ച റിട്ട. ജസ്റ്റിസ് ഗീത മിത്തൽ അധ്യക്ഷയായ സമിതിയുടെ കാലാവധി ജൂലൈ 31 വരെ സുപ്രീം കോടതി തിങ്കളാഴ്ച നീട്ടിയിരുന്നു. ജൂലൈ 21ന് മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട കേസുകൾ വീണ്ടും ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റിസ് (സിജെഐ) സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടിരുന്നു.

അസമിലേക്ക് മാറ്റിയ കേസുകളുടെ വിചാരണ ഗുവാഹത്തി കോടതികളിൽ നടത്തുമെന്നും കോടതി വ്യക്തമാക്കി. രണ്ട് സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ചെന്ന കേസ് ഉൾപ്പെടെയുള്ള എല്ലാ കേസുകളിലും ന്യായമായ വിചാരണ ഉറപ്പാക്കാനാണ് മുൻപ് അസമിലേക്ക് മാറ്റിയത്. കൈമാറ്റം ചെയ്യപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ ഒന്നോ അതിലധികമോ ജുഡീഷ്യൽ ഓഫീസർമാരെ നാമനിർദേശം ചെയ്യാനും ഗുവാഹത്തി ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com