
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ചട്ടങ്ങളുടെ നിയമ സാധുത ചോദ്യം ചെയ്ത് രാജ്യസഭാംഗം പി സന്തോഷ് കുമാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചത്. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള മറ്റ് ഹർജികൾക്ക് ഒപ്പം ഈ ഹർജിയും കേൾക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
നേരത്തെ പൗരത്വ ഭേദഗതി നിയമം മതേതരമാക്കാൻ സന്തോഷ് കുമാർ രാജ്യസഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചിരുന്നു. ഇക്കാര്യം കൂടി വ്യക്തമാക്കിയാണ് സുപ്രീംകോടതിയിൽ റിട്ട് ഹർജി നൽകിയിരിക്കുന്നത്. പൗരത്വം നൽകുന്നതിൽ മതപരമായ വേർതിരിവ് ഭരണഘടന നൽകുന്ന അവകാശത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ വിമർശിക്കുന്നു.
2019ലാണ് പൗരത്വഭേദഗതി നിയമം പാർലമെന്റ് പാസാക്കിയത്. ബംഗ്ലാദേശ്, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിൽ നിന്നും 2014 ഡിസംബർ 31നോ അതിനുമുമ്പോ ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, ജൈനന്മാർ, ക്രിസ്ത്യാനികൾ, സിഖുകാർ, ബുദ്ധമതക്കാർ, പാഴ്സികൾ എന്നീ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അതിവേഗം നമ്മുടെ രാജ്യത്തിന്റെ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ ഭേദഗതി നിയമം. എന്നാൽ ഇതിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം വിഭാഗങ്ങൾ ഉൾപ്പെട്ടിരുന്നില്ല.