ദേശീയ സുരക്ഷയ്ക്കായി പെഗാസസ് ഉപയോഗിക്കുന്നതില്‍ തെറ്റില്ല, ആര്‍ക്കെതിരെ എന്നതിലാണ് ആശങ്ക: സുപ്രീം കോടതി

ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഎസ്ഒ കമ്പനി ചാരവൃത്തിക്കു വേണ്ടി രൂപപ്പെടുത്തിയ മാൽവെയർ സോഫ്റ്റ്‌വെയറാണ് പെഗാസസ്
ദേശീയ സുരക്ഷയ്ക്കായി പെഗാസസ് ഉപയോഗിക്കുന്നതില്‍ തെറ്റില്ല, ആര്‍ക്കെതിരെ എന്നതിലാണ് ആശങ്ക: സുപ്രീം കോടതി
Published on

ദേശീയ സുരക്ഷയുടെ ഭാഗമായി സ്‌പൈവെയര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി. ഇസ്രയേൽ നിർമിത സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരെ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നുവെന്ന് ആരോപിച്ചുള്ള കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമർശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോടീശ്വര്‍ സിം​ഗ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സര്‍ക്കാരിന്റെ കൈവശം പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഉണ്ടോ എന്നും അത് ഉപയോഗിച്ചിരുന്നോ എന്നതുമാണ് കേസിലെ അടിസ്ഥാനപരമായ വിഷയം എന്ന അഭിഭാഷകൻ ദിനേശ് ദ്വിവേദിയുടെ വാദത്തിനിടെയായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. സ്‌പൈവെയര്‍ ആര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത് എന്നതിലാണ് യഥാര്‍ത്ഥ ആശങ്കയെന്നും രാജ്യത്തിന്റെ സുരക്ഷയില്‍ നമുക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും വാദം കേട്ട ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

Also Read: ജമ്മു കശ്മീരിൽ ഹൈ അലേർട്ട്; കശ്മീരിൽ താഴ്‌വരയിൽ വ്യാപക തെരച്ചിൽ, ഭീകരവിരുദ്ധ ദൗത്യമെന്ന് സുരക്ഷാ സേന

ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഎസ്ഒ കമ്പനി ചാരവൃത്തിക്കു വേണ്ടി രൂപപ്പെടുത്തിയ മാൽവെയർ സോഫ്റ്റ്‌വെയറാണ് പെഗാസസ്. കംപ്യൂട്ടറുകളും സ്മാർട്ട്‌ഫോണുകളും ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തി മറ്റു കക്ഷികൾക്ക് കൈമാറുകയാണ് ഇവരുടെ രീതി. ഫോണിലും കംപ്യൂട്ടറിലുമുള്ള ഫോട്ടോ, ചാറ്റിങ്, ലൊക്കേഷൻ, മറ്റു വ്യക്തിവിവരങ്ങളെല്ലാം ഇതുവഴി ചോർത്തുന്നുണ്ട്.

2021 ജൂലൈയിൽ മാധ്യമ സ്ഥാപനങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഇന്ത്യയിലെ പ്രമുഖരായ 300ഓളം പേരുടെ മൊബൈൽ ഫോണുകൾ പെഗാസസ് വഴി ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തുവിട്ടത്. രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിം​ഗ് പട്ടേൽ, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ, തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് കിഷോർ, രാഹുൽ ഗാന്ധിയുടെ അടുത്ത സുഹൃത്തായ അലങ്കാർ സവായി എന്നിവരും ഹാക്ക് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com