
തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാൻഡിൽ ഗ്രാമീണരെ കൊലപ്പെടുത്തിയ സംഭവത്തിൽ 30 സൈനികർക്കെതിരായ ക്രിമിനൽ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു. ജസ്റ്റിസുമാരായ വിക്രംനാഥ്, പിബി വരാലെ എന്നിവരടങ്ങിയ ബെഞ്ചിൻ്റെതാണ് ഉത്തരവ്. മേജർ ഉൾപ്പെടെയുള്ള 30 സൈനികരാണ് ഇതോടെ കുറ്റവിമുക്തരാകുക.
2021 ഡിസംബർ നാലിനാണ് കിഴക്കൻ നാഗാലാൻഡിലെ ഒട്ടിങ് ഗ്രാമത്തിൽ റോന്ത് ചുറ്റുകയായിരുന്ന സൈനികർ തീവ്രവാദികളെന്ന് കരുതി ഒരു പിക്കപ്പ് ട്രക്കിന് നേരെ വെടിയുതിർത്തത്. സംഭവത്തിൽ അന്ന് ആറ് പേരാണ് കൊല്ലപ്പെട്ടത്. പിന്നീട് ഗ്രാമവാസികൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം നിയന്ത്രിക്കാൻ സൈന്യം നടത്തിയ വെടിവെപ്പിലും 7 പേർ കൊല്ലപ്പെട്ടിരുന്നു.
ഗ്രാമവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് 2022 ജൂണിൽ നാഗാലാൻഡ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മേജർ അടക്കം 30 സൈനികരെ പ്രതിചേർത്തത്. 21 സൈനികർ സംഘർഷ മേഖലയിലെ പ്രോട്ടോക്കോൾ ലംഘിച്ചതായി പൊലീസിൻ്റെ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നു. നാഗാലാൻഡ് സർക്കാറും സൈനികർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
എന്നാൽ 2023 ഫെബ്രുവരിയിൽ അഫ്‌സ്‌പ നിയമത്തിലെ ചില വകുപ്പുകൾ ചൂണ്ടിക്കാട്ടി കേന്ദ്രം പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകിയില്ല. ഇതിനെ തുടർന്നാണ് സുപ്രീം കോടതി തുടർനടപടികൾ അവസാനിപ്പിച്ചത്. പ്രതിചേർക്കപ്പെട്ട സൈനികരെ അച്ചടക്ക നടപടിക്ക് വിധേയരാക്കണമെന്ന സർക്കാരിൻ്റെ ആവശ്യവും സുപ്രിംകോടതി തള്ളിയതോടെ മേജർ ഉൾപ്പെടെയുള്ള 30 സൈനികരും കുറ്റവിമുക്തരായി.