"കോട്ടയിൽ മാത്രം എന്തുകൊണ്ട് ഇത്രമാത്രം വിദ്യാർഥികൾ ജീവനൊടുക്കുന്നു?" രാജസ്ഥാന്‍ സർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീം കോടതി

ഐഐടി ഖോരഖ്പൂരിലെ വിദ്യാർഥിയുടെ മരണത്തിൽ എഫ്ഐആ‍ർ രജിസ്റ്റർ ചെയ്യാൻ നാല് ദിവസം കാലതാമസമുണ്ടായതിലും കോടതി ചോദ്യമുയർത്തി
"കോട്ടയിൽ മാത്രം എന്തുകൊണ്ട് ഇത്രമാത്രം വിദ്യാർഥികൾ ജീവനൊടുക്കുന്നു?" രാജസ്ഥാന്‍ സർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീം കോടതി
Published on

രാജസ്ഥാനിലെ കോട്ടയില്‍ വിദ്യാർഥികള്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ വർധിക്കുന്നതില്‍ സംസ്ഥാന സർക്കാരിനോട് ചോദ്യമുയർത്തി സുപ്രീം കോടതി. കോട്ടയിൽ എന്തുകൊണ്ട് ഇത്രമാത്രം വിദ്യാർഥികൾ ജീവനൊടുക്കുന്നുവെന്നും സർക്കാർ എന്തു നടപടിയെടുത്തുവെന്നും കോടതി ചോദിച്ചു. വിഷയം ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി

രാജ്യത്തെ എൻട്രൻസ് കോച്ചിങ് ഹബ്ബായ കോട്ടയിൽ, വിദ്യാർഥികള്‍ ജീവനൊടുക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ സുപ്രീം കോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. കോട്ടയിൽ എന്തുകൊണ്ടാണ് ഇത്രമാത്രം വിദ്യാർഥികൾ ജീവനൊടുക്കുന്നത്? ഇതിനെതിരെ സംസ്ഥാന സർക്കാർ എന്തു നടപടി സ്വീകരിച്ചു?വിദ്യാർഥികള്‍ ജീവനൊടുക്കുന്നത് വർധിക്കാനുള്ള കാരണമെന്താണ്? എന്നിങ്ങനെയായിരുന്നു സുപ്രീം കോടതി ഉയർത്തിയ ചോദ്യങ്ങൾ.

ഐഐടി ഖോരഖ്പൂരിലെ 22കാരിയുടെ മരണവും കോട്ടയിലെ നീറ്റ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസും പരിഗണനയ്ക്ക് വന്നപ്പോഴായിരുന്നു കോടതിയുടെ വിമർശനം. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചാണ് രാജസ്ഥാൻ സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിയത്.

നിലവിലെ സ്ഥിതി നിസാരമായി കാണാനാകില്ലെന്നും ഗൗരവതരമായ വിഷയമാണിതെന്നും കോടതി വിലയിരുത്തി. ഈ വർഷം മാത്രം 14 വിദ്യാർഥികളാണ് കോട്ടയിൽ ജീവനൊടുക്കിയത്. വിദ്യാർഥികളുടെ മരണത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന കൗൺസിൽ കോടതിയെ അറിയിച്ചു. ഐഐടി ഖോരഖ്പൂരിലെ വിദ്യാർഥിയുടെ മരണത്തിൽ എഫ്ഐആ‍ർ രജിസ്റ്റർ ചെയ്യാൻ നാല് ദിവസം കാലതാമസമുണ്ടായതിലും കോടതി ചോദ്യമുയർത്തി. എന്നാൽ, സംഭവത്തിൽ കേസെടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആത്മഹത്യയിൽ കോടതിയുടെ മുൻ ഉത്തരവും (മാർച്ച് 24) സുപ്രീം കോടതി പരാമർശിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com