
ആരാധനാലയ നിയമം ഉൾപ്പെട്ട വിഷയത്തിൽ സമർപ്പിച്ച പുതിയ ഹർജികൾ കേൾക്കുന്നത് വിസമ്മതിച്ച് സുപ്രീം കോടതി. ആരാധനാലയം തിരിച്ചു പിടിക്കുന്നതിനോ അതിന്റെ സ്വഭാവം മാറ്റുന്നതിനോ വേണ്ടിയുള്ള കേസ് ഫയൽ ചെയ്യുന്നത് തടയുന്ന നിയമമാണ് 1991ലെ ആരാധനാലയ നിയമം.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായി ബെഞ്ചാണ് കേസ് പരിഗണിച്ചത്. “മതി, മതി. ഇതിന് ഒരു അവസാനം ഉണ്ടാകണം.” ഇന്ന് രാവിലെ നടന്ന ഒരു വാദം കേൾക്കലിനിടെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ഈ വിഷയത്തിൽ സുപ്രീം കോടതി പുതിയ ഹർജികൾ പരിഗണിക്കില്ലെന്ന് സഞ്ജീവ് ഖന്ന ഉറപ്പിച്ചു പറഞ്ഞു. എന്നാൽ, ഇതുവരെ സമർപ്പിച്ച പുതിയ ഹർജികളിൽ നോട്ടീസ് അയയ്ക്കാൻ വിസമ്മതിച്ചെങ്കിലും, കൂടുതൽ കാരണങ്ങളോടെ ഇടപെടൽ ഹർജി ഫയൽ ചെയ്യാൻ കോടതി അനുവദിച്ചു.
നിയമത്തിന്റെ സാധുതയെക്കുറിച്ചുള്ള ആദ്യ ഹർജി അശ്വിനി കുമാർ ഉപാധ്യായയാണ് സമർപ്പിച്ചത്. എന്നാൽ കഴിഞ്ഞ വർഷം 10 പള്ളികൾ തിരിച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട് ഹിന്ദു കക്ഷികൾ നൽകിയ 18 കേസുകളിലെ നടപടികൾ കോടതി നിർത്തിവച്ചു. വാരാണസിയിലെ ഗ്യാൻവാപി, മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ്, സംഭലിലെ ഷാഹി ജുമാ മസ്ജിദ് തുടങ്ങി 10 പള്ളികളുടെ മതപരമായ സ്വഭാവം കണ്ടെത്താൻ സർവെ ആവശ്യപ്പെടുന്ന 18 കേസുകൾ വിവിധ ഹിന്ദു സംഘടനകളുടേതായി കോടതികളിലുണ്ട്. ഇവയിലെല്ലാം തുടർനടപടികൾ നിലവിൽ നിർത്തിവച്ചിരിക്കുകയാണ്.