സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീംകോടതി

സിദ്ദീഖ് കാപ്പന്റെ പാസ്‌പോര്‍ട്ട് കൈവശം ഇല്ലെന്ന് യുപി പൊലീസ്
സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീംകോടതി
Published on

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീംകോടതി. മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തി എല്ലാ തിങ്കളാഴ്ചയും ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് ഇളവ്. ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

വിചാരണ ആരംഭിക്കാനിരിക്കെ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ടാണ് സിദ്ദീഖ് കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചത്. അഡ്വ. അസര്‍ അസീസാണ് കാപ്പനു വേണ്ടി കോടതിയില്‍ ഹാജരായത്.

ഇളവിനു പുറമേ, ഉത്തര്‍പ്രദേശ് പൊലീസ് പിടിച്ചെടുത്ത രേഖകള്‍ തിരിച്ചുകിട്ടണമെന്നും സിദ്ദീഖ് കാപ്പന്‍ ആവശ്യപ്പെട്ടിരുന്നു. പൊലീസ് പിടിച്ചെടുത്ത കെയുഡബ്ല്യുജെയുടെ രേഖകളാണ് ആവശ്യപ്പെട്ടത്. സിദ്ദീഖ് കാപ്പന്റെ പാസ്‌പോര്‍ട്ട് കൈവശം ഇല്ലെന്നാണ് പൊലീസ് കോടതിയില്‍ അറിയിച്ചത്. മൊബൈല്‍ ഫോണ്‍ വിട്ടുനല്‍കാനാവില്ലെന്നും യുപി പൊലീസ് വ്യക്തമാക്കി.


രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച ഉത്തര്‍പ്രദേശിലെ ഹാഥറസ് ബലാത്സംഗക്കൊലപാതകം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പനൊപ്പം കാറിലുണ്ടായിരുന്നവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്നുമായിരുന്നു പൊലീസിന്റെ വാദം.


വര്‍ഗീയ കലാപമുണ്ടാക്കല്‍, സൗഹൃദ അന്തരീക്ഷം തകര്‍ക്കല്‍, ഗൂഢാലോചന എന്നിവ ആരോപിച്ച് യുഎപിഎ ചുമത്തി. അക്കൗണ്ടിലേക്ക് അനധികൃതമായി പണം എത്തിയെന്നാരോപിച്ച് ഇഡിയും കേസെടുത്തു. യുഎപിഎ കേസില്‍ സെപ്റ്റംബര്‍ 9 നാണ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഇഡി കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചും ജാമ്യം അനുവദിച്ചതോടെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 2 നാണ് സിദ്ദീഖ് കാപ്പന്‍ ജയില്‍ മോചിതനായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com