
ബുൾഡോസർ രാജിന് എതിരെ വിമർശനം കടുപ്പിച്ച് സുപ്രീംകോടതി. പാവങ്ങൾ താമസിക്കുന്ന സ്ഥലത്താണ് കുടിയൊഴിപ്പിക്കൽ നടക്കുന്നതെന്നും സാധാരണക്കാർക്ക് കോടതിയിൽ ഓടിയെത്താൻ കഴിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബിആർ ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് വിമർശനം. ബുൾഡോസർ ഉപയോഗിച്ചുള്ള കുടിയൊഴിപ്പിക്കലിനെതിരായ ഹർജികളിലെ വിധി പറയുന്നത് വരെ സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സെപ്റ്റംബം 17നാണ് ബുൾഡോസർ രാജ് താൽക്കാലികമായി തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി വിധിയെത്തിയത്. ഒക്ടോബർ ഒന്നിന് ഹരജികൾ വീണ്ടും പരിഗണിക്കുന്നത് വരെ ബുൾഡോസർ രാജ് പാടില്ലെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഈ ഹർജിയാണ് പരിഗണിക്കാനായി മാറ്റിവെച്ചിരിക്കുന്നത്. ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങൾക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി.
ആരെങ്കിലും കുറ്റാരോപിതനായതുകൊണ്ടോ കുറ്റവാളിയായതുകൊണ്ടോ മാത്രം കെട്ടിടങ്ങൾ പൊളിച്ചുനീക്കാനാകില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. കോടതിവിധി രാജ്യത്തുടനീളം ബാധകമാണ്. ഇന്ത്യ മതേതര രാജ്യമാണെന്നും, ഇവിടെ എല്ലാവരും തുല്യരാണെന്നും കോടതി ഓർമിപ്പിച്ചു. എന്നാൽ അനധികൃത നിർമാണങ്ങളും പൊതു കൈയേറ്റങ്ങളും സംരക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ബെഞ്ച് പറയുന്നു. നടപടികൾ സമുദായം പരിഗണിച്ചുകൊണ്ടാവരുതെന്ന വിമർശനവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി.
ബുൾഡോസർ രാജിനെതിരായ ഗുജറാത്ത് സ്വദേശി ഉൾപ്പെടെയുള്ള നിരവധി പേരാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. കഴിഞ്ഞ ദിവസം കോടതി ഉത്തരവ് ലംഘിച്ച് ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർത്തെന്ന ഹർജിയിൽ അസം സർക്കാരിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. സുപ്രീം കോടതിയുടെ അനുവാദമില്ലാതെ ബുൾഡോസർ രാജ് നടത്തരുതെന്നാണ് കോടതി നിർദേശം.