
സർക്കാരിനെ വിമർശിച്ചത് കൊണ്ട് മാത്രം മാധ്യമ പ്രവർത്തകർക്കെതിരെ ക്രിമിനൽ കേസെടുക്കാനാകില്ലെന്ന് സുപ്രീം കോടതി. ജനാധിപത്യ രാജ്യത്ത് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്യം ഉണ്ടായിരിക്കണമെന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1) എ പ്രകാരം മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി. മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായ സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമർശം.
ഉത്തർപ്രദേശ് സർക്കാർ തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ അഭിഷേക് ഉപാധ്യായ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. സംസ്ഥാനത്തെ പൊതുഭരണ വിഭാഗത്തിലെ ജാതി ഇടപെടലുകളെക്കുറിച്ച് വാർത്ത ചെയ്തതിൻ്റെ പേരിൽ കേസെടുത്തുവെന്നാണ് ആരോപണം. ഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസയച്ച സുപ്രീം കോടതി, കേസ് നാലാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.