
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായവർക്ക് ജാമ്യം നൽകാതെ ദീർഘകാലം തടവിൽ വയ്ക്കുന്നതിനെതിരെ സുപ്രീംകോടതി. ജയിലല്ല, ജാമ്യമാണ് ആദ്യ പരിഗണനയെന്ന തത്വം കള്ളപ്പണ നിരോധന കേസിലും ബാധകമാണ്. ജാമ്യത്തിനായി ചില വ്യവസ്ഥകൾ കൂടി പാലിക്കണമെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ സഹായി പ്രേം പ്രകാശിന് ജാമ്യം അനുവദിക്കുന്ന വേളയിലാണ് സുപ്രീംകോടതിയുടെ പരാമർശം. ഒരു കേസിൽ അറസ്റ്റിലായിരിക്കെ നൽകുന്ന മൊഴി മറ്റൊരു കേസെടുക്കാനുളള തെളിവായി കണക്കാക്കാനാകില്ലെന്നും കോടതി വിധിച്ചു.
ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിആർഎസ് നേതാവ് കെ. കവിതയ്ക്ക് സുപ്രീംകോടതി ജാമ്യം നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇത്തരം കേസുകളിൽ ജയിലല്ല, ജാമ്യമാണ് ആദ്യ പരിഗണനയെന്ന് കോടതി വ്യക്തമാക്കിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആദ്യം ജാമ്യം ലഭിച്ചത് മനീഷ് സിസോദിയക്കാണ്. ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട സെക്ഷൻ 45 ൽ പറയുന്നത് ജാമ്യത്തിനായി പാലിക്കേണ്ട വ്യവസ്ഥകളാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ കസ്റ്റഡിയിലിരിക്കുന്ന പ്രതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നടത്തുന്ന മൊഴികൾ കോടതിയിൽ തെളിവായി സ്വീകരിക്കാൻ പറ്റില്ലെന്നും ബെഞ്ച് വ്യക്തമാക്കി.