
ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. ഡൽഹിയിൽ ഭരണഘടനാ ദിന പരിപാടിയിൽ സംസാരിക്കവെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഈ ആവശ്യം ഉന്നയിച്ചത്. രാജ്യത്തെ പൊതു തെരഞ്ഞെടുപ്പുകളിൽ ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പർ സംവിധാനമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രിംകോടതി തള്ളിയ അതേ ദിനത്തിൽ തന്നെയാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഇതേ ആവശ്യമുന്നയിച്ചത് എന്നതും ശ്രദ്ധേയമാണ്.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ 288ൽ 234 സീറ്റുകളും ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം തൂത്തുവാരിയതിന് പിന്നാലെ, വോട്ടിംഗ് മെഷിനുകളിൽ കൃത്രിമം നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് സംസ്ഥാന ഘടകം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടത്. ഡൽഹിയിൽ ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച് നടന്ന ‘സംവിധാൻ രക്ഷക് അഭിയാൻ’ ചടങ്ങിൽ സംസാരിക്കവെയായിരുന്നു ഖർഗെയുടെ പ്രതികരണം.
Also Read: "ഷാഹി ജുമാ മസ്ജിദിൽ നടന്നത് പൊലീസിൻ്റെ ആസൂത്രിത വെടിവെപ്പ്"; ഗുരുതര ആരോപണവുമായി മസ്ജിദ് കമ്മിറ്റി ചെയർമാൻ
രാജ്യത്തെ ആദിവാസി, പിന്നാക്ക വിഭാഗക്കാരുടെ വോട്ടുകളെല്ലാം പാഴായി പോകുകയാണ്. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ, ഭാരത് ജോഡോ യാത്ര പോലെയുള്ള ഒരു കാമ്പയിൻ തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാതി സെൻസസിനെ നരേന്ദ്രമോദി ഭയപ്പെടുന്നു, ജാതി സെൻസസ് അനുവദിച്ചാൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും തങ്ങളുടെ വിഹിതം ആവശ്യപ്പെടുമെന്ന് മോദി ഭയപ്പെടുന്നു- ഖർഗെ വിമർശിച്ചു.
അതേസമയം ബാലറ്റ് പേപ്പർ വോട്ടിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തള്ളി. ഹർജിക്ക് അടിസ്ഥാനമില്ലെന്നും, തോൽക്കുമ്പോൾ മാത്രം ഇവിഎമ്മിനെ കുറ്റം പറയുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. അതേസമയം മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ ഇന്ത്യാ സഖ്യ നേതാക്കൾ ശനിയാഴ്ച യോഗം ചേരും.