സഞ്ജീവ് ഭട്ടിന് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് അദ്ദേഹത്തിന്റെ അപ്പീലിൽ വാദം കേൾക്കൽ വേഗത്തിലാക്കാനും ഉത്തരവിട്ടു.
സഞ്ജീവ് ഭട്ടിന് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി
Published on


1990ലെ കസ്റ്റഡി മരണക്കേസിൽ ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് ജയിലില്‍ തുടരും. സഞ്ജീവ് ഭട്ടിന് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ജാമ്യം നൽകണമെന്നും ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നുമുള്ള സഞ്ജീവ് ഭട്ടിൻ്റെ ആവശ്യം കോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് അദ്ദേഹത്തിന്റെ അപ്പീലിൽ വാദം കേൾക്കൽ വേഗത്തിലാക്കാനും ഉത്തരവിട്ടു.

1990ൽ ഗുജറാത്തിലെ ജാംനഗറിൽ അഡീഷണൽ പൊലീസ് സൂപ്രണ്ടായി സഞ്ജീവ് ഭട്ട് നിയമിതനായ കാലത്തേതാണ് ഈ കേസ്. ജാംജോധ്പൂർ പട്ടണത്തിൽ നടന്ന ഒരു വർഗീയ കലാപത്തിനിടെ ടാഡ നിയമപ്രകാരം 133ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് പൊലീസ് കസ്റ്റഡിയിലെടുത്തവരിൽ ഒരാളായ പ്രഭുദാസ് വൈഷ്ണാനി മോചിതനായ ശേഷം 1990 നവംബർ 18ന് ആശുപത്രിയിൽ വെച്ച് മരിച്ചിരുന്നു.

കസ്റ്റഡിയിലിരിക്കെ കടുത്ത പീഡനത്തെ തുടർന്നാണ് പ്രഭുദാസ് വൈഷ്ണാനി മരിച്ചതെന്ന് ആരോപിച്ച് ഭട്ട് ഉൾപ്പെടെ ഏഴ് പൊലീസുകാർക്കെതിരെ മരിച്ചയാളുടെ സഹോദരൻ അമൃത്‌ലാൽ വൈഷ്ണാനി കസ്റ്റഡി മരണത്തിന് പരാതി നൽകി. തുടർന്ന് അന്വേഷണം ഗാന്ധി നഗറിലെ സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ബ്രാഞ്ചിലേക്കും മാറ്റി.

ആദ്യം സർക്കാർ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകാതിരുന്ന ഗുജറാത്ത് സർക്കാർ പിന്നീട് നിലപാട് മാറ്റിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് നാനാവതി, മെഹ്ത കമ്മീഷനുകൾക്ക് മുമ്പാകെ സർക്കാരിനെതിരെ മൊഴി നൽകിയ സഞ്ജീവ് ഭട്ടിൻ്റെ വെല്ലുവിളിയെ തുടർന്നാണ് സംസ്ഥാന സർക്കാരും പ്രതികാര നടപടി സ്വീകരിച്ചത്. ഇതോടെയാണ് 1990ലെ കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ട് പ്രതിയായതും വിചാരണ തടവുകാരനായതും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com