
ബുൾഡോസർ രാജിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ബുൾഡോസർ നീതി രാജ്യത്തെ നിയമങ്ങൾക്കുമേൽ ബുൾഡോസർ ഓടിക്കുന്നതിന് തുല്യമാണെന്നും, പരമോന്നതമായ നിയമസംവിധാനമുള്ള രാജ്യത്ത് ഇത്തരം പ്രവൃത്തി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഗുജറാത്ത് സ്വദേശി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി
രൂക്ഷ വിമർശനം ഉന്നയിച്ചത്.
ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, സുധാൻഷു ധൂലിയ, എസ്.വി. എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചിൻ്റെതാണ് വിമർശനം. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വസ്തുവകകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുന്നതിൽ എന്തർത്ഥമാണുള്ളതെന്ന് സുപ്രീം കോടതി ചോദിച്ചു. കുടുംബത്തിലെ ഒരാളുടെ മേൽ ചുമത്തിയ ക്രിമിനൽ കുറ്റത്തിന് കുടുംബത്തെ ഒന്നടങ്കം ശിക്ഷിക്കാനാണ് വീട് പൊളിക്കലിലൂടെ ഉദ്ദേശിച്ചതെന്നും ഹർജിക്കാരൻ വാദിച്ചു. ഒരു വ്യക്തി ചെയ്ത തെറ്റിന് വീട് തകർത്ത് കുടുംബത്തിലെ മൊത്തം അംഗങ്ങൾക്കെതിരെ നിയമ നടപടിയെടുക്കാൻ ആവില്ലെന്ന് കോടതിയും വ്യക്തമാക്കി. കുടുംബത്തിലെ ഒരാൾ കുറ്റാരോപിതനായി എന്നതുകൊണ്ട് എങ്ങനെ വീട് പൊളിക്കാനാകുമെന്ന് കോടതി ചോദിച്ചു.
നിയമവിരുദ്ധമായ ഇത്തരം പ്രവർത്തികൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. ക്രിമിനൽ കേസിൽ പ്രതിയാകുന്നവരുടെ വീടുകൾ പൊളിക്കുന്നത് എന്തിനെന്ന വിമർശനം സുപ്രീം കോടതിയിൽ നേരത്തെയും ഉയർത്തിയിരുന്നു. പരമോന്നത കോടതിയുടെ വിമർശനം വന്ന് ദിവസങ്ങൾക്കകം ബുൾഡോസർ രാജിനെ ഉത്തർപ്രദേശ് മന്ത്രിയടക്കം ന്യായീകരിക്കുകയും ചെയ്തിരുന്നു. ഉത്തർപ്രദേശിലെ യോഗി സർക്കാർ നിരവധി വീടുകൾ ഈ രീതിയിൽ പൊളിച്ചിരുന്നു. അസം, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് സർക്കാരുകളും ബുൾഡോസർ രാജ് മാതൃക പിന്തുടരുന്നുണ്ട്.