മദ്രസകൾ അടച്ച് പൂട്ടണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

സംസ്ഥാന-കേന്ദ്ര സർക്കാറുകൾക്കും കേന്ദ്ര ബാലവകാശ കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
മദ്രസകൾ അടച്ച് പൂട്ടണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
Published on

മദ്രസകൾ അടച്ചു പൂട്ടണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജമാ അത്തുൽ ഉലുമ ഹിന്ദ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന-കേന്ദ്ര സർക്കാറുകൾക്കും കേന്ദ്ര ബാലവകാശ കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ബാലാവകാശ കമ്മീഷന്‍റെ നടപടി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30 അനുസരിച്ച് വിദ്യാഭ്യാസം നല്‍കാനുള്ള മത ന്യൂനപക്ഷങ്ങളുടെ അവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ ശുപാര്‍ശ ചെയ്ത് ബാലാവകാശ കമ്മീഷന്‍ മേധാവി പ്രിയങ്ക് കനുങ്കോ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത് രാജ്യത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടണമെന്നും സര്‍ക്കാര്‍ ഫണ്ട് നല്‍കരുതെന്നുമുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശമാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

ബാലാവകാശ കമ്മീഷന്റെ കത്തിനൊപ്പമുള്ള റിപ്പോര്‍ട്ടില്‍ മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവതരമായ പരാമര്‍ശങ്ങളുണ്ടായിരുന്നു. 'കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ വേഴ്സസ് മദ്രസകള്‍' എന്ന റിപ്പോര്‍ട്ടാണ് കത്തിന് ഒപ്പം ചേര്‍ത്തിരിക്കുന്നത്. മദ്രസകള്‍ മതേതര മൂല്യങ്ങള്‍ പാലിക്കുന്നില്ല. ഭരണഘടനാ ലംഘനമടക്കമുള്ള ഗുരുതരമായ കാര്യങ്ങള്‍ മദ്രസകളില്‍ അരങ്ങേറുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ ബാലാവകാശ കമ്മീഷന്‍ തയ്യാറാക്കിയ 71 പേജുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവട് പിടിച്ചുള്ള നിര്‍ദേശങ്ങളാണ് കമ്മീഷന്‍ മുന്നോട്ട് വെക്കുന്നത്.

മദ്രസകള്‍ പൊതുവിദ്യാഭ്യാസത്തിന് വേണ്ടി എന്ന ലക്ഷ്യത്തിലേക്ക് എത്തിയില്ലെന്നാണ് ബാലാവകാശ കമ്മീഷന്‍റെ വാദം. മദ്രസ പാഠ പുസ്തകങ്ങളിലെ ഉള്ളടക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. മതേതര മൂല്യങ്ങളും ഭരണഘടനയും ഉയര്‍ത്തി പിടിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ.

മദ്രസകള്‍ നിര്‍ത്തലാക്കാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം കേരളത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു.  മതധ്രുവീകരണത്തിനുള്ള നീക്കമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ മദ്രസകള്‍ക്ക് സര്‍ക്കാര്‍ സഹായമില്ലാത്തതിനാല്‍ തന്നെ ഈ നിര്‍ദേശം കേരളത്തെ ബാധിക്കില്ല. എന്നാല്‍ ഉത്തരേന്ത്യയിലെ പല പ്രദേശങ്ങളിലും വിദ്യാലയങ്ങളുടെ അഭാവമുള്ളതിനാല്‍ തന്നെ, മദ്രസയിലൂടെയാണ് പൊതുവിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. അതിനാല്‍ മദ്രസകള്‍ അടച്ചുപൂട്ടണമെന്ന നിര്‍ദേശം സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും സംസ്ഥാന സെക്രട്ടറി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.


ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ മന്ത്രി കെ.ബി. ഗണേഷ്‌കുമാറും രംഗത്തെത്തിയിരുന്നു. ഈ നീക്കം അപകടകരമാണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. മതങ്ങളെ ഭിന്നിപ്പിച്ചു കാണാനല്ല മദ്രസകളില്‍ പഠിപ്പിക്കുന്നതെന്നും കുട്ടികള്‍ക്ക് അറിവ് നല്‍കുന്നതാണ് മദ്രസകളെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മദ്രസ വിവാദം മതസ്പര്‍ദ്ധക്ക് കാരണമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം ആപത്കരമാണെന്നും വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നാണ് സിപിഐ നിലപാടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com