കുറി തൊടുന്നവരെയും തടയുമോ? മുംബൈ കോളേജിലെ ഹിജാബ് നിരോധനത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

എന്‍ജി ആചാര്യ ആന്‍ഡ് ഡികെ മറാത്തെ കോളേജില്‍ റിപ്പ്ഡ് ജീന്‍സുകള്‍ക്കും ടീ ഷര്‍ട്ടുകള്‍ക്കും വിലക്കേർപ്പെടുത്തിയിരുന്നു
കുറി തൊടുന്നവരെയും തടയുമോ? മുംബൈ കോളേജിലെ ഹിജാബ് നിരോധനത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
Published on

മുംബൈയിലെ ഡികെ മറാത്തേ കോളേജിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയ നിർദേശം സുപ്രീംകോടതി സ്റ്റേ ചെയ്തു. നിരോധനം ഏർപ്പെടുത്തിയ ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെ വിദ്യാർഥിനികൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി. കോളേജ് കൊണ്ടുവന്ന വിവാദ ഡ്രസ് കോഡ് കാരണം ന്യൂനപക്ഷ വിദ്യാർഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാൻ ആവില്ലെന്ന കാരണം കൊണ്ടാണ് ഹർജി വേഗത്തിൽ പരിഗണിച്ചത്. മതം വെളിപ്പെടാതിരിക്കുന്നതിനു വേണ്ടിയാണ് നിയമം കൊണ്ടുവന്നതെന്നായിരുന്നു കോളേജിന്റെ വിശദീകരണം.

"എന്താണിത്? ഇത്തരം നിയമങ്ങളൊന്നും ചുമത്തരുത്.. എന്താണിത്? മതം വെളിപ്പെടുത്തരുതെന്നോ? അവരുടെ പേര് അവരുടെ മതം വെളിപ്പെടുത്തുന്നില്ലേ? അക്കങ്ങള്‍ (NUMBERS) ഉപയോഗിച്ച് തിരിച്ചറിയപ്പെടാന്‍ അവരോട് നിങ്ങള്‍ ആവശ്യപ്പെടുമോ? അവര്‍ ഒരുമിച്ച് പഠിക്കട്ടെ. കുറി അണിഞ്ഞു വരുന്നവരെ അനുവദിക്കില്ലെന്ന് നിങ്ങള്‍ പറയുമോ? ഒരു പെണ്‍കുട്ടി എന്ത് ധരിക്കണം എന്നത് അവളുടെ കാര്യമല്ലേ? എന്ത് ധരിക്കണമെന്ന് ശഠിച്ചുകൊണ്ട് എങ്ങനെയാണ് നിങ്ങള്‍ സ്ത്രീകളെ ശാക്തീകരിക്കുന്നത്? വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ സാഹചര്യം അധികൃതര്‍ മനസിലാക്കണം. കുടുംബാംഗങ്ങള്‍ പറയും ഇത് ധരിച്ചുകൊണ്ട് പോകൂ, അവരത് ധരിക്കും. അവരോട് കോളേജ് വിട്ടുപോകാന്‍ പറയരുത്. സര്‍ക്കുലറിനുള്ള സ്റ്റേ തുടരും. ശരിയായ വിദ്യാഭ്യാസമാണ് ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം." ജസ്റ്റിസ് സഞ്ജയ് കുമാർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു.

എന്‍ജി ആചാര്യ ആന്‍ഡ് ഡികെ മറാത്തെ കോളേജില്‍ റിപ്പ്ഡ് ജീന്‍സുകള്‍ക്കും ടീ ഷര്‍ട്ടുകള്‍ക്കും വിലക്കേർപ്പെടുത്തിയിരുന്നു. ശരീരം വെളിപ്പെടുത്തുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു കോളേജ് പുറത്തിറക്കിയ പുതിയ ഡ്രസ് കോഡിലെ വ്യവസ്ഥ. സ്ഥാപനം പുറത്തിറക്കിയ നോട്ടീസ് പ്രകാരം 'ഫോര്‍മലും മാന്യവുമായ വേഷം' വേണം വിദ്യാര്‍ഥികള്‍ ധരിക്കാന്‍. ക്യാംപസിനുള്ളില്‍ ഹിജാബ്, നിഖാബ്, ബുര്‍ഖ, സ്‌കാര്‍ഫ്, തൊപ്പി എന്നിവ ധരിച്ചെത്തുന്നവര്‍ കോമണ്‍ റൂമില്‍ ഇവ ഊരിവെച്ചതിന് ശേഷം മാത്രമേ ക്യാംപസ് പരിസരങ്ങളില്‍ സഞ്ചരിക്കാവൂ എന്നും നോട്ടീസില്‍ നിര്‍ദേശമുണ്ട്.

ക്യാംപസ് ഇതിന് മുന്‍പും ഈ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഡ്രസ് കോഡുകള്‍ കൊണ്ടുവരികയും ഹിജാബ്, നിഖാബ്, ബുര്‍ഖ, തൊപ്പി എന്നിവയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ചെമ്പൂര്‍ ട്രോംബെ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് എന്‍ജി ആചാര്യ ആന്‍ഡ് ഡികെ മറാത്തെ കോളേജ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com