ശരദ് പവാറിന്‍റെ 'സമയം ശരിയല്ല'; ക്ലോക്ക് ചിഹ്നം അജിത് പവാറിന് അനുവദിച്ച് സുപ്രീം കോടതിയുടെ താല്‍ക്കാലിക ഉത്തരവ്

ഇരു വിഭാഗങ്ങൾക്കും പുതിയ ചിഹ്നം നൽകണമെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോടതി ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു
ശരദ് പവാറിന്‍റെ 'സമയം ശരിയല്ല'; ക്ലോക്ക് ചിഹ്നം അജിത് പവാറിന് അനുവദിച്ച് സുപ്രീം കോടതിയുടെ താല്‍ക്കാലിക ഉത്തരവ്
Published on

എൻസിപി (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി)യിലെ ഇരു വിഭാഗങ്ങള്‍ക്കുമിടയിലെ ചിഹ്ന തർക്കത്തില്‍ ശരദ് പവാർ പക്ഷത്തിനു തിരിച്ചടി. ക്ലോക്ക് ചിഹ്നം അജിത് പവാർ പക്ഷത്തിന് ഉപയോഗിക്കാമെന്ന് സുപ്രീം കോടതി താല്‍ക്കാലിക വിധി പ്രസ്താവിച്ചു. ചിഹ്നത്തിൽ അവകാശവാദമുന്നയിച്ച് ശരദ് പവാർ സമർപ്പിച്ച ഹർജിയിലാണ് നടപടി. അന്തിമ തീരുമാനം വരുന്നത് വരെ ക്ലോക്ക് ചിഹ്നം അജിത് പവാർ പക്ഷത്തിന് ഉപയോഗിക്കാമെന്നാണ് വിധി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റെയാണ് നടപടി.

അജിത് പവാർ വിഭാഗത്തിന് പാർട്ടിയുടെ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും നൽകിയ ഇലക്ഷന്‍ കമ്മീഷൻ നടപടിയെ ചോദ്യം ചെയ്ത് ശരദ് പവാർ പക്ഷം സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് താൽക്കാലിക ഉത്തരവ്. ഇരു വിഭാഗങ്ങൾക്കും പുതിയ ചിഹ്നം നൽകണമെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോടതി ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

മാർച്ച് 19, ഏപ്രിൽ 4 തീയതികളിൽ, എല്ലാ പ്രചരണ സാമഗ്രികളിലും (പോസ്റ്ററുകള്‍, ഫ്ലക്സുകള്‍, ലഘുലേഖകള്‍) 'ക്ലോക്ക്' ചിഹ്നം ഉപയോഗിക്കുമ്പോള്‍ ഡിസ്ക്ലൈമർ ഉൾപ്പെടുത്താൻ കോടതി എൻസിപിയോട് നിർദേശിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവ് അജിത് പവാർ സഖ്യം പാലിച്ചില്ലെന്നും ഇത് വോട്ടർമാരുടെ ഇടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചെന്നുമായിരുന്നു ശരദ് പവാറിന്‍റെ പരാതി. ഇത് പരിഗണിച്ച കോടതി, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലും മുൻ ഉത്തരവുകൾ പാലിക്കുമെന്ന് ഉറപ്പുനൽകണമെന്ന് അജിത് പവാറിനോട് നിർദേശിച്ചു.

Also Read: "പരസ്പര വിശ്വാസവും സഹിഷ്ണുതയുമായിരിക്കണം ഇന്ത്യ-ചെെന ബന്ധത്തിന്‍റെ അടിത്തറ"; ബ്രിക്സ് വേദിയില്‍ പ്രധാനമന്ത്രി

എന്‍സിപിയിലെ ചിഹ്ന തർക്കത്തിന്‍റെ പശ്ചാത്തലം

കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്നും പുറത്തായതിനെ തുടർന്ന് 1999ലാണ് പൂർണോ സാങ്മ, താരിഖ് അൻവർ എന്നിവരുമായി ചേർന്ന് ശരദ് പവാർ എന്‍സിപി രൂപീകരിച്ചത്. ശരദ് പവാറിന്‍റെ നേതൃത്വത്തെ ചോദ്യം ചെയ്ത് അജിത് പവാർ ബഹുഭൂരിപക്ഷം എംഎല്‍എമാരുമായി പാർട്ടി വിടുന്നിടത്താണ് നിലവിലെ പ്രശ്നങ്ങള്‍ ആരംഭിച്ചത്. പാർട്ടി വിട്ട അജിത് പവാറും കൂട്ടരും ബിജെപി-ശിവസേന (ഏക്നാഥ് ഷിന്‍ഡെ) പാർട്ടികളുടെ മഹായുതി സഖ്യത്തിന്‍റെ ഭാഗമായി.

ഫെബ്രുവരി 15ന് മഹാരാഷ്ട്ര നിയമസഭ സ്പീക്കർ രാഹുല്‍ നർവേക്കർക്ക് കൂറുമാറ്റ നിരോധന നിയമ പ്രകാരം പരാതി നല്‍കി. ഈ പരാതി പരിഗണിച്ച സ്പീക്കർ എന്നാല്‍ അജിത് പവാർ പക്ഷത്തെ 'യഥാർഥ' എന്‍സിപിയായി അംഗീകരിച്ചു. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മാത്രമാണിതെന്നും ഭൂരിപക്ഷം എംഎല്‍എമാരും അജിത് പവാറിനൊപ്പമാണെന്നും കാട്ടിയായിരുന്നു സ്പീക്കറുടെ നടപടി.  ഇതിനു പിന്നാലെ, എന്‍സിപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ക്ലോക്ക് അജിത് പവാറിന് ഇലക്ഷന്‍‌ കമ്മീഷന് അനുവദിച്ചു. ശരദ് പവാർ വിഭാഗത്തിനോട് പാർട്ടി പേര് എന്‍സിപി- ശരദ് പവാർ എന്ന് ഉപയോഗിക്കണമെന്നും നിർദേശിച്ചു. കുഴല്‍ (തുർഹ) വിളിക്കുന്ന പുരുഷനായിരുന്നു അവർക്ക് അനുവദിച്ചു കിട്ടിയ ചിഹ്നം.

എന്നാല്‍ നീണ്ടകാലമായി ഉപയോഗിച്ചു വരുന്ന തെരഞ്ഞെടുപ്പ് ചിഹ്നം മാറുന്നത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ശരദ് പവാർ ആരോപിച്ചു. ചിഹ്നത്തിലൂടെ ഔദ്യോഗിക പക്ഷം എന്ന പദവി നേടാനുള്ള പോരാട്ടമാണ് കഴിഞ്ഞ കുറച്ചു കാലമായി ശരദ്- അജിത് പക്ഷങ്ങള്‍ക്കിടയില്‍ നടക്കുന്നത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com