
നീറ്റ് യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുക. പരീക്ഷ റദ്ദാക്കാനും വീണ്ടും മൂല്യനിർണയം നടത്താനും ആവശ്യപ്പെട്ടുള്ളവയടക്കം മൊത്തം 40 ഹർജികളാണ് ഇന്ന് പരിഗണിക്കുന്നത്. നീറ്റ്-യുജി വിഷയത്തിൽ വിവിധ ഹൈക്കോടതികളിൽ നിലനിൽക്കുന്ന കേസുകൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻടിഎ സമർപ്പിച്ച ഹർജികളും ഇതില്‍ ഉള്‍പ്പെടും.
സുപ്രീംകോടതി നിർദ്ദേശ പ്രകാരം നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് ലിസ്റ്റ് എൻടിഎ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ചില കേന്ദ്രങ്ങളിൽ മാർക്കിൽ അസ്വാഭാവികത ഉണ്ടെന്നാണ് ഹർജിക്കാരുടെ ആരോപണം. മെയ് 5ന് രാജ്യത്തെ 571 നഗരങ്ങളിലെ 4750 സെന്‍ററുകളിലാണ് നീറ്റ് പരീക്ഷ നടന്നത്. 24 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. പേപ്പര്‍ ചോര്‍ച്ചയും മറ്റ് ആരോപണങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരീക്ഷയില്‍ വിവാദങ്ങള്‍ ഉയര്‍ന്നത്.