
സംസ്ഥാനത്ത് 25 സെന്റില്‍ കൂടുതലുള്ള ഭൂമി തരംമാറ്റലിന് സര്‍ക്കാര്‍ തീരുമാനിച്ച ഫീസ് ശരിവെച്ച് സുപ്രീം കോടതി. 25 സെന്റിൽ കൂടുതലുള്ള ഭൂമിയുടെ മാത്രം ഫീസ് അടച്ചാൽ പോരായെന്നും, തരംമാറ്റുന്ന മുഴുവൻ ഭൂമിയുടെയും ഫീസ് അടയ്ക്കണമെന്നും സുപ്രീം കോടതി അറിയിച്ചു. തരം മാറ്റലിന് അധിക ഭൂമിയുടെ 10 ശതമാനം ഫീസ് അടച്ചാല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ നടപടി. 25 സെന്റ് ശേഷമുള്ള അധിക ഭൂമിക്കുമാത്രം ഫീസ് നൽകിയാൽ മതിയെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ വകുപ്പ് 27 പ്രകാരമാണ് 25 സെന്റ് ഭൂമി വരെ തരം മാറ്റുന്നത് സൗജന്യമാക്കിയത്.
ചെറുകിട ഭൂമിഉടമകളെ സഹായിക്കാനാണ് 2021 ഫെബ്രുവരി 25-ന് തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട ഇളവ് സർക്കാർ വരുത്തിയത്. ഇതുപ്രകാരം 25 സെന്റിൽ കൂടുതലുള്ള തരംമാറ്റുകയാണെങ്കിൽ ആകെയുള്ള ഭൂമിയുടെ 10 ശതമാനം ന്യായവില അനുസരിച്ച് ഫീസ് നല്‍കണമെന്നാണ് സർക്കാർ ഉത്തരവ്.
സംസ്ഥാന സർക്കാരിന്റെ സർക്കുലർ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തരം മാറ്റാനുള്ള ഭൂമി 25 സെന്റിൽ കൂടുതലാണെങ്കിൽ അധികമുള്ള സ്ഥലത്തിന്റെ മാത്രം ന്യായവിലയുടെ 10 ശതമാനം ഫീസ് അടച്ചാൽ മതിയെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് സുപ്രീം കോടതി അംഗീകരിച്ചത്.