പ്ലസ് ടു കോഴക്കേസിൽ സർക്കാരിന് തിരിച്ചടി; കെ.എം. ഷാജിക്കെതിരായ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

2014ല്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാനായി കെ.എം. ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു കേസ്
പ്ലസ് ടു കോഴക്കേസിൽ സർക്കാരിന് തിരിച്ചടി; കെ.എം. ഷാജിക്കെതിരായ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി
Published on


പ്ലസ് ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. സംസ്ഥാന സർക്കാരും ഇഡിയും നൽകിയ അപ്പീലുകളും കോടതി തള്ളി. 2014ല്‍ അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാനായി കെ.എം. ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു കേസ്. സ്കൂൾ മാനേജരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് സിപിഎം പ്രാദേശിക നേതാവ് കുടുവൻ പത്മനാഭൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

എന്നാൽ കെ.എം. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം എഫ്ഐആറിൽ ഇല്ലെന്ന് കണ്ടെത്തി ഹൈക്കോടതി വിജിലൻസ് കേസ് റദ്ദാക്കി. വിജിലൻസിന് പിന്നാലെ ഇഡി രജിസ്റ്റർ ചെയ്ത കേസും ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്നാണ് സംസ്ഥാന സർക്കാരും ഇഡിയും സുപ്രിം കോടതിയെ സമീപിച്ചത്. മുസ്ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. പ്ലസ് ടു കോഴ്സ് അനുവദിക്കാൻ സ്കൂൾ മാനേജർ മുസ്ലിം ലീഗിന്റെ പൂതപ്പാറ ശാഖാ സമിതിയെ സമീപിച്ചെന്നും സമിതി ഭാരവാഹികൾ കൈക്കൂലി ആവശ്യപ്പെട്ടെന്നുമാണ് പരാതി.

കേസിൽ 54 സാക്ഷി മൊഴികളും മജിസ്ട്രേറ്റ് മുമ്പാകെ നാല് സാക്ഷികളുടെ രഹസ്യ മൊഴിയും ശേഖരിച്ചിരുന്നു. കേസിലെ സാക്ഷി മൊഴികള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ചെങ്കിലും കേസ് നിലനില്‍ക്കില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോഴ നല്‍കിയ സ്‌കൂളിലെ അധികൃതരുടെ രഹസ്യമൊഴി പരിഗണിക്കാതെയാണ് ഹൈക്കോടതി കുറ്റപത്രം റദ്ദാക്കിയതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആക്ഷേപം.

കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും കെ.എം. ഷാജിയുടെ പാര്‍ട്ടിയിലെ പ്രവര്‍ത്തകരാണ് കേസിലെ പരാതിക്കാരെന്നുമുള്ള സര്‍ക്കാര്‍ വാദവും സുപ്രീം കോടതി അംഗീകരിച്ചില്ല. 
കോഴപ്പണം ഉപയോഗിച്ച് കെ.എം. ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരിയില്‍ വീട് നിര്‍മ്മിച്ചുവെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍. ഈ വീട് ഉള്‍പ്പടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇഡി റെയ്ഡില്‍ കണ്ടുകെട്ടിയിരുന്നു. എന്നാൽ അന്വേഷണ ഏജൻസി കണ്ടെത്തിയത് തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നായിരുന്നു കെ.എം. ഷാജിയുടെ വാദം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com