വഖഫ് ഭേദഗതി നിയമം: ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ നാളെയും വാദം തുടരും

ഒരു നടപടിക്രമവുമില്ലാതെ ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമ ഭേദഗതിയെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
വഖഫ് ഭേദഗതി നിയമം: ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ നാളെയും വാദം തുടരും
Published on

വഖഫ് നിയമ ഭേദഗതിക്കെതിരെ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ നാളെയും വാദം തുടരും. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാനാണ് പുതിയ നിയമമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കുകയാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

നടപടിക്രമങ്ങളില്ലാതെ വഖഫ് സ്വത്ത് ഏറ്റെടുക്കാനാകുമോയെന്ന് സുപ്രീംകോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.

ഒരു നടപടിക്രമവുമില്ലാതെ ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമ ഭേദഗതിയെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ബോര്‍ഡുകളില്‍ മുസ്ലിം ഇതരരെ നിയമിക്കാനുള്ള തീരുമാനം മൗലികാവകാശ വിരുദ്ധമാണ്. അഞ്ച് വര്‍ഷത്തെ മതവിശ്വാസം നിര്‍ബന്ധമാക്കിയ നടപടി നിയമ വിരുദ്ധമെന്നും ഹര്‍ജിക്കാര്‍ വാദമുന്നയിച്ചു.

നിയമം നടപ്പാക്കിയാല്‍ അപരിഹാര്യമായ നഷ്ടമുണ്ടാകും. വഖഫ് സ്വത്തിന്മേല്‍ ജില്ലാ കളക്ടറുടെ തീരുമാനം അന്തിമമാക്കിയതും നിയമ വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. നിയമത്തില്‍ 11ലധികം നിയമ പ്രശ്നങ്ങളുണ്ട്. വഖഫ് സ്വത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കേണ്ടത് ഏകപക്ഷീയമായാണ്. വഖഫ് സ്വത്ത് ഇല്ലാതാക്കാനാണ് നിയമത്തിലൂടെ ശ്രമിക്കുന്നത്. നിയമഭേദഗതി ഏകപക്ഷീയവും അടിച്ചേല്‍പ്പിക്കുന്നതുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

എന്നാല്‍ വഖഫ് സ്വത്ത് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാവുകയെന്ന് സുപ്രിംകോടതി ചോദിച്ചു. 1954ന് മുന്‍പ് സ്വത്ത് രജിസ്ട്രേഷന്‍ നിര്‍ബന്ധിതമല്ലല്ലോയെന്ന് സുപ്രീം കോടതി ചോദിച്ചു. 1923ന് ശേഷം സ്വത്ത് രജിസ്ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. വഖഫ് സ്വത്ത് രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ അത് മുത്തവല്ലിയുടെ മാത്രം വീഴ്ചയെന്നും ഹര്‍ജിക്കാര്‍.

ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിങ്‌വിയും ഹാജരായി. കേന്ദ്ര സര്‍ക്കാരിന് വേണ്ടി തുഷാര്‍ മേഹ്തയാണ് ഹാജരായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com